India - 2026
മദർ ഏലീശ്വയെ ഇന്നു വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും
പ്രവാചകശബ്ദം 08-11-2025 - Saturday
കൊച്ചി: കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി കരുതപ്പെടുന്ന ധന്യ മദർ ഏലീശ്വ ഇന്ന് വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഇന്നു വൈകുന്നേരം നാലിനാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ശുശ്രൂഷകൾ ആരംഭിക്കുന്നത്. മാർപാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാംഗ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നടത്തും. ബസിലിക്ക അങ്കണത്തിൽ വിശാലമായ പന്തലും പ്രത്യേക അൾത്താരയും സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങുകൾക്കു മുന്നോടിയായി മദർ ഏലീശ്വയുടെ ഛായാചിത്രം, ലോഗോ, ദീപശിഖ എന്നിവയുടെ പ്രയാണങ്ങൾ 3.30ന് ബസിലിക്ക കവാടത്തിലെത്തും. തുടർന്ന് കർദിനാൾമാരെയും മെത്രാന്മാരെയും സ്വീകരിക്കും. 4.30 ന് വിശുദ്ധ കുർബാന ആരംഭിക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന നടത്തും. തുടർന്ന് പ്രഖ്യാപനം. കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് മദർ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്യും. മദറിൻ്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്‌ഠിക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ നൊവേന സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെആർഎൽസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സുവനീർ പ്രകാശനം നിർവഹിക്കും. കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യപ്രതി സിടിസി മദർ ജനറ ൽ സിസ്റ്റർ ഷഹീലയ്ക്കു നൽകി നിർവഹിക്കും.
ബസിലിക്കയിലേക്കുള്ള മദർ ഏലീശ്വയുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകൾ സമാപിക്കും. ഏലീശ്വ ചരിതം ഗാനശില്പത്തിന്റെ അവതരണവുമുണ്ടാകും. വരാപ്പുഴ അതിരൂപതയിലെയും കേരള സഭയിലെയും വിവിധ മെത്രാന്മാരും വൈദികരും സന്യസ്‌തരും ആയിരക്കണക്കിനു വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കും.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















