News
ആയിരങ്ങള്‍ സാക്ഷി; മദര്‍ ഏലീശ്വ ഇനി വാഴ്‌ത്തപ്പെട്ട നിരയില്‍
പ്രവാചകശബ്ദം 08-11-2025 - Saturday
കൊച്ചി: നേരിട്ടും ഓണ്‍ലൈനായും പങ്കെടുത്ത ആയിരങ്ങളെ സാക്ഷിയാക്കി പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വരാപ്പുഴ അതിരൂപതയിലെ വല്ലാർപാടത്തെ ദേശീയ മരിയൻ തീര്‍ത്ഥാടന കേന്ദ്രമായ കാരുണ്യമാതാവിന്റെ ബസിലിക്കയിൽ കർദ്ദിനാളുമാരും മെത്രാപ്പോലിത്തമാരും മെത്രാന്മാരും വൈദികരും മദർ ഏലീശ്വയിൽ നിന്ന് ആരംഭിച്ച സ്ത്രീസന്ന്യാസ പാരമ്പര്യത്തിൻ്റെ പ്രതിനിധികളായ സന്ന്യാസിനിമാരും നൂറുകണക്കിന് വിശ്വാസികളെ വല്ലാർപാടം ബസിലിക്കയിൽ വന്നണഞ്ഞിരുന്നു.
ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിയിലാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. നേരത്തെ കർദ്ദിനാളുമാരും മെത്രാന്മാരും വൈദികരും കാരുണ്യമാതാവിന്റെ ബസിലിക്കയിൽ നിന്ന് റോസറി പാർക്കിലെ ബലിവേദിയിലേക്ക് പ്രദക്ഷിണമായി എത്തി.
വരാപ്പുഴ മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഏവരെയും തിരുകർമത്തിലേക്ക് സ്വാഗതം ചെയ്‌തു. 'കർത്താവേ കനിയണമേ' ലൂത്തീനിയ ആലപിച്ചുകഴിഞ്ഞ്, ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിൽ, ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന നടത്തിയതിനെ തുടർന്നാണ് കേരളത്തിലെ റോമൻ കത്തോലിക്കാ സഭയിലെ ആദ്യത്തെ സന്യാസിനിയായ മദര്‍ എലീശ്വയെ പ്രാദേശികമായി അൾത്താര വണക്കത്തിന് പ്രതിഷ്ഠിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന പ്രഖ്യാപനം പരിശുദ്ധ പിതാവിനു വേണ്ടി കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് നടത്തിയത്.
ധന്യ മദർ ഏലീശ്വയുടെ നാമകരണത്തിനായുള്ള വൈസ് പോസ്റ്റുലേറ്റർ റവ. സൂസി കിണറ്റിങ്കൽ, മദർ ഏലീശ്വയുടെ സംക്ഷിപ്‌ത ജീവചരിത്രം വായിച്ചു. ബോംബെ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മദർ എലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്‌തതോടെയാണ് ദൈവത്തിന് നന്ദിയർപ്പിച്ച് തെദേവും സ്തോത്രഗീതം കർമലീത്താ സന്ന്യസ്‌തർ ഉൾപ്പെടെയുള്ള ഗായഗസംഘത്തോടൊപ്പം ദൈവജനം ആലപിച്ചത്. ഇന്ത്യയിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾഡോ ജിറേല്ലി സന്ദേശം നൽകി.
വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി സാക്ഷ്യപ്പെടുത്തിയ വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുശേഷിപ്പ് അൾത്താരയിലേക്ക് കൊണ്ടുവന്നു. കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് തിരുശേഷിപ്പ് ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്ഠിച്ചു. ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിലും തെരേസ്യൻ കർമലീത്താ സന്ന്യാസിനി സമൂഹത്തിന്റെ (സിടിസി) സുപ്പീരിയർ ജനറൽ മദർ ഷീല, കർമലിത്താ നിഷ്‌പാദുക സഭയുടെ സുപ്പീരിയർ ജനറൽ മിലേൽ മാർക്കേസ് കാ പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ കിയേസ, വൈസ് പോസ്റ്റുലേറ്റർ റവ. ഡോ. സിസ്റ്റർ സുന്നി കിണറ്റിങ്കൽ എന്നിവർ വാഴ്‌ത്തപ്പെട്ട പറവി പ്രഖ്യാപനം നടത്തിയ കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിന് നന്ദി പറഞ്ഞു.
ദിവ്യബലിക്കുശേഷം, വാഴ്ത്തപ്പെട്ട ഏലീശ്വയുടെ നൊവേന സിബിസിഐ പ്രസിഡൻ്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്‌തു. കേരള റീജിയനല്‍ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സുവനീർ പ്രകാശനം നിർവഹിച്ചു. തുടർന്ന് വാഴ്ത്തപ്പെട്ട മദർ ഏലിശ്വയുടെ തിരുസ്വരൂപം വല്ലാർപാടത്തമ്മയുടെ ബസിലിക്കയിലേക്ക് പ്രദക്ഷിണമായി കൊണ്ടുപോയി ദേവാലയത്തിൽ പൊതുവണക്കത്തിനായി പ്രതിഷ്‌ഠിച്ചു.
സാംബിയയിലെ ചിപാത്താ രൂപതാ ബിഷപ്പ് ജോർജ് കോസ്‌മസ് സുമിറെ ലുംഗു ടാൻസനിയയിലെ മഫിംഗാ രൂപതയിലെ ബിഷപ്പ് വിൻസെൻ്റ് കോസ്‌മസ് മൗഗലാ, ബോംബെ ആർച്ച് ബിഷപ്പ് ജോൺ റോഡ്രിഗസ്, ആഗ്ര ആർച്ച് ബിഷപ്പ് ആൽബർട്ട് ഡിസൂസ, മദ്രാസ് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ജോർജ് അന്തോണിസാമി, ലഖ്‌നൗ ബിഷപ്പ് ജെറാൾഡ് ജോൺ മത്യാസ്, ഭോപ്പാൽ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ദുരൈരാജ്, ബെർഹാംപുർ ബിഷപ്പ് ശരത് ചന്ദ്ര നായക്, കർണൂർ ബിഷപ്പ് ഡോ. ജോഹന്നാൻസ്, ഷിംല-ചണ്ഡിഗഢ് ബിഷപ്പ് എമരിറ്റസ് ഇവാഷ്യസ് ലയോള മസ്ക്‌രീനാസ്, ജബുവ ബിഷപ്പ് ചീറ്റർ റുമാൽബരാഡി, ശിവഗംഗ ബിഷപ്പ് ലൂർദ് ശിവഗംഗ ഇംഫാൽ ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോമിനിക് ലുതോൺ, ഝാൻസി എമരിറ്റസ് ബിഷപ്പ് ഡോ. പീറ്റർ പറപ്പുള്ളിൽ, സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി,കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ക്രിസ്‌തുദാസ് ആർ,
വരാപ്പുഴ സഹായമെത്രാൻ ഡോ. ആൻ്റണിവാലുങ്കൽ, കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. ഡി. സെൽവരാജൻ, ഡോ. വിൻസെന്റ്റ് സാമുവൽ, കൊല്ലം ബിഷപ്പ് ഡോ. ആൻ്റണി മുല്ലശേരി. പുനലൂർ ബിഷപ്പ് ഡോ സെൽവിസ്റ്റർ പൊന്നുമുത്തൻ, വിജയപുരം സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ, കൊച്ചി നിയുക്ത മെത്രാൻ മഡാ. ആൻ്റണി കാട്ടിപ്പറമ്പിൽ. കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, കണ്ണൂർ സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി, സുൽത്താൻപേട്ട് ബിഷപ്പ് ഡോ. അന്തോണിസാമി പീറ്റർ അബീർ എന്നിവർ പങ്കെടുത്തു. ഏലീശ്വ ചരിതം ഗാനശില്പ അവതരണത്തോടെയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾക്കു സമാപനമായത്.























