News - 2026

വാഴ്ത്തപ്പെട്ട മദർ ഏലീശ്വ സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവർക്ക് പ്രചോദനം: ലെയോ പാപ്പ

പ്രവാചകശബ്ദം 12-11-2025 - Wednesday

വത്തിക്കാന്‍ സിറ്റി: ദരിദ്രരായ പെൺകുട്ടികളുടെ വിമോചനത്തിനായി വാഴ്ത്തപ്പെട്ട മദർ ഏലീശ്വ കാണിച്ച പ്രതിബദ്ധത, സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപിടിക്കാനായി പ്രവർത്തിക്കുന്ന ഏവർക്കും പ്രചോദനമാണെന്നു ലെയോ പതിനാലാമൻ പാപ്പ. ഇന്നു നവംബർ 12 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസരത്തിലാണ്, കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായ മദർ ഏലീശ്വയെ പാപ്പ അനുസ്മരിച്ചത്.

ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവേ പാപ്പ, മലയാളികൾക്ക്, പ്രത്യേകിച്ച് കേരളം കത്തോലിക്കാസഭയ്ക്ക് അഭിമാനവും സന്തോഷവും നൽകുന്ന ഈ പ്രത്യേക പരാമർശം നടത്തുകയായിരിന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മദർ ഏലീശ്വയെ കഴിഞ്ഞ ശനിയാഴ്ച, ഇന്ത്യയിലെ കേരള സംസ്ഥാനത്ത് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടുവെന്ന് പറഞ്ഞ പാപ്പ, മദർ ഏലീശ്വയാണ് നിഷ്പാദുക കർമ്മലീത്ത മൂന്നാം സമൂഹത്തിന്റെ (TOCD), സ്ഥാപകയാണെന്നതും അനുസ്മരിച്ചു.

കഴിഞ്ഞ നവംബർ 8 ശനിയാഴ്ചയാണ് വല്ലാർപാടം ബസിലിക്കയിൽ മദർ ഏലീശ്വായെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തിയത്. ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധിയായി എത്തിയ മലേഷ്യയിൽനിന്നുള്ള കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നടത്തുകയായിരിന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി ബോർഡിംഗ് സ്കൂൾ ആരംഭിക്കുകയും ചെയ്ത മദർ ഏലീശ്വ, കേരളത്തിൽ സ്ത്രീ നവോത്ഥാനത്തിനായി അക്ഷീണം പ്രവർത്തിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയായിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »