India - 2026
മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി; തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി
പ്രവാചകശബ്ദം 15-10-2025 - Wednesday
കൊച്ചി: കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കർമലീത്ത സന്യാസിനിയും ടിഒസിഡി സന്യാസ സമൂഹ സ്ഥാപകയുമായ ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുകൾക്ക് മുന്നോടിയായി തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. കെആർഎൽസിബിസി അധ്യക്ഷനും കോഴിക്കോട് ആർച്ച്ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ തപാൽ സ്റ്റാമ്പ് സിടിസി സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ഷാഹി ലയ്ക്കു നൽകി പ്രകാശനം ചെയ്തു.
വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, വിവിധ ലത്തീൻ രൂപത മെത്രാന്മാർ, ഒസിഡി സമൂഹത്തിന്റെ പ്രൊവിൻഷ്യലും സംഘാടകസമിതി ചെയർമാനുമായ ഡോ. അഗസ്റ്റിൻ മുള്ളൂർ, വരാപ്പുഴ അതിരുപത വികാരി ജനറാൾമാ രായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, സിടിസി സന്യാസ സമൂഹത്തിന്റെ പ്രൊവിഷ്യൽമാർ, സമർപ്പിതർ, വൈദികർ, അല്മായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

















