News
വ്യാജ മതനിന്ദ കേസിന് 13 വർഷത്തെ തടവ്; ജയില്‍ മോചിതനായി മൂന്നാം ദിവസം പാക്ക് ക്രൈസ്തവ വിശ്വാസി അന്തരിച്ചു
പ്രവാചകശബ്ദം 07-10-2025 - Tuesday
ലാഹോര്‍: 13 വർഷം വ്യാജ മതനിന്ദ കേസില്‍ ജയിലില്‍ നരകയാതന അനുഭവിച്ചതിന് ശേഷം മോചിതനായി മൂന്നാം ദിവസം പാക്ക് ക്രൈസ്തവ വിശ്വാസി അന്തരിച്ചു. 62 വയസ്സുള്ള വചനപ്രഘോഷകനായ സഫർ ഭട്ടിയാണ് ഒരു പതിറ്റാണ്ടില്‍ അധികം തടവറ വാസം അനുഭവിച്ചതിന് ശേഷം വിടവാങ്ങിയിരിക്കുന്നത്. ലാഹോർ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ഒക്ടോബർ 2ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിട്ടയച്ചിരിന്നു. ഒക്ടോബർ 5 ന് പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടിയിലുള്ള തന്റെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരിന്നു അന്ത്യം.
ജീസസ് വേൾഡ് മിഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനായിരിന്നു ഭാട്ടി. 2012 ജൂലൈയിൽ പ്രവാചകനായ മുഹമ്മദിന്റെ മാതാവിനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയച്ചുവെന്ന ഒരു മുസ്ലീം പുരോഹിതന്റെ വ്യാജ ആരോപണത്തെത്തുടർന്നായിരിന്നു ഭട്ടി അറസ്റ്റിലായത്. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് നേരത്തെ തന്നെ പ്രദേശവാസികള്‍ പറഞ്ഞിരിന്നു. കസ്റ്റഡിയിൽ കഴിയുമ്പോൾ, കുറ്റസമ്മതം നടത്തുന്നതിനായി ഭട്ടിയെ ക്രൂരമായി പീഡിപ്പിച്ചതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരിന്നു. 2017 ൽ, അദ്ദേഹത്തിന് ജീവപര്യന്തം തടവ് വിധിച്ചു. 2022-ൽ വധശിക്ഷയായി ഉയർത്തിയെങ്കിലും ഈ മാസം റദ്ദാക്കി വിട്ടയയ്ക്കുകയായിരിന്നു.
ഭട്ടി ജയിലിലേക്ക് പ്രവേശിച്ചത് നല്ല ആരോഗ്യത്തോടെയാണെന്നും എന്നാൽ മോശം വൈദ്യചികിത്സ കാരണം അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരിന്നുവെന്ന് അഭിഭാഷകനായ മാലൂക്ക് വെളിപ്പെടുത്തി. പ്രമേഹം, ഹൃദ്രോഗം, രക്ത സമ്മർദ്ദം, വിഷാദം തുടങ്ങീ വിവിധ രോഗങ്ങളാല്‍ അദ്ദേഹം ഒത്തിരി സഹിച്ചു. തടവിൽ കഴിയുമ്പോൾ നിരവധി ഹൃദയാഘാതങ്ങൾ ഉണ്ടായി. ഹൃദ്രോഗവിദഗ്ധനെ ആവശ്യമായിരുന്നു. എന്നാല്‍ ജയിലില്‍ വേണ്ട പരിഗണന ലഭിച്ചില്ല. നീതി നിഷേധത്തിന്റെ ഇരയായാണ് സഫർ ഭട്ടി മരണപ്പെട്ടതെന്നും മാലൂക്ക് പറഞ്ഞു.
പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 96 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ 1.3% വരുന്ന ക്രൈസ്തവര്‍ വലിയ രീതിയിലുള്ള ഭീഷണി രാജ്യത്തു നേരിടുന്നുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ രാജ്യത്തെ കുപ്രസിദ്ധമായ മതനിന്ദ നിയമം വഴി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പ്രതിചേര്‍ക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാണെങ്കിലും തിരുത്താന്‍ പാക്ക് ഭരണകൂടം തയാറല്ല. പാക്ക് ക്രൈസ്തവര്‍ നീതി നിഷേധത്തിന് ഇരയാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സഫർ ഭട്ടിയുടെ മരണം.



















