News - 2026

ക്രൈസ്തവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: റാലിയുമായി ബംഗ്ലാദേശിലെ ക്രൈസ്തവര്‍

പ്രവാചകശബ്ദം 24-11-2025 - Monday

ധാക്ക: ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിനു നേരെയുണ്ടായ ബോംബാക്രമണത്തിന്റെയും മറ്റ് ഭീഷണികളുടെയും പശ്ചാത്തലത്തില്‍ രാജ്യത്തു ക്രൈസ്തവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശിലെ ക്രൈസ്തവര്‍. ബംഗ്ലാദേശിലെ ക്രിസ്ത്യാനികൾ തലസ്ഥാനമായ ധാക്കയിലെ മൂന്ന് ക്രിസ്ത്യന്‍ സ്ഥാപനങ്ങളിൽ ഉണ്ടായ ക്രൂഡ് ബോംബ് സ്ഫോടനങ്ങളെ തുടർന്ന് പരിഭ്രാന്തിയില്‍ കഴിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് നിയമപരമായ സംരക്ഷണം തേടി വിശ്വാസി സമൂഹം രംഗത്ത് വന്നിരിക്കുന്നത്.

നവംബർ 7ന് ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിലേക്ക് രണ്ട് ക്രൂഡ് ബോംബുകൾ എറിഞ്ഞു ആക്രമണമുണ്ടായിരിന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, കത്തീഡ്രലിൽ നിന്ന് ഏതാനും മൈൽ അകലെയുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെയും കോളേജിന്റെയും ഗേറ്റിനു സമീപം ബോംബ് സ്ഫോടനം നടന്നിരിന്നു. ഒക്ടോബർ 8 ന്, ധാക്കയിലെ ക്രിസ്ത്യൻ ആധിപത്യ പ്രദേശത്തുള്ള ഹോളി റോസറി ദേവാലയത്തിന്റെ ഗേറ്റിലും സമാനമായ ബോംബ് സ്ഫോടനം നടന്നിരിന്നു.

നവംബർ 18ന്, തലസ്ഥാനമായ ധാക്കയിലെ നാഷണൽ പ്രസ് ക്ലബ്ബിന് മുന്നിൽ നൂറിലധികം പേരാണ് പ്രതിഷേധ റാലി നടത്തിയത്. ഞങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെന്നും സമാധാനപ്രിയരായ ആളുകളാണ് തങ്ങളെങ്കിലും അടുത്തിടെയുണ്ടായ ആക്രമണങ്ങളാണ് തെരുവിലിറങ്ങുന്നതിന് കാരണമായതെന്നും സെന്റ് മേരീസ് കത്തീഡ്രലിലെ ഇടവക വികാരി ഫാ. ആൽബർട്ട് തോമസ് റൊസാരിയോ പറഞ്ഞു. സർക്കാരിന്റെ ബലഹീനത മൂലമാണ് ബോംബ് സ്ഫോടനം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 170 ദശലക്ഷം ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ 500,000 ക്രൈസ്തവരാണുള്ളത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍






Related Articles »