News - 2026
വ്യാജ മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ തടവിലാക്കിയ ക്രൈസ്തവ വിശ്വാസിയ്ക്കു ഒടുവില്‍ മോചനം
പ്രവാചകശബ്ദം 17-11-2025 - Monday
ലാഹോര്‍: വ്യാജ മതനിന്ദ ആരോപണത്തിന്റെ മറവില്‍ പാക്കിസ്ഥാനില്‍ തടവ് അനുഭവിച്ച് വരികയായിരിന്ന ക്രൈസ്തവ വിശ്വാസിയ്ക്കു ഒടുവില്‍ മോചനം. 2023 ജൂണിൽ മതനിന്ദ ആരോപിച്ച് തടങ്കലിലാക്കിയ ഹാരൂൺ ഷെഹ്‌സാദ് എന്ന നാല്പത്തിയൊന്‍പതുകാരനാണ് ഒടുവില്‍ മോചനം ലഭിച്ചിരിക്കുന്നത്. വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലെ വചനം ഉദ്ധരിച്ചുകൊണ്ട് ഹാരൂൺ ഷെഹ്‌സാദ്, ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് പാക്കിസ്ഥാനിലെ, സർഗോധയ്ക്കടുത്തുള്ള ഗ്രാമത്തിലെ ഇസ്ലാം മത വിശ്വാസിയായ ഒരാള്‍ രംഗത്ത് വന്നത്. ഇയാള്‍ മതനിന്ദ ആരോപണം ഉന്നയിച്ചതോടെ ക്രൈസ്തവ വിശ്വാസിയായ ഹാരൂൺ അറസ്റ്റിലാകുകയായിരിന്നു.
നവംബർ 8 ന് സർഗോധ ജില്ലാ കോടതിയാണ് നീണ്ട വാദങ്ങള്‍ക്ക് ഒടുവില്‍ നിരപരാധിത്വം മനസിലാക്കി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. വിചാരണയുടെ തുടക്കം മുതൽ കാര്യത്തിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരുവാനും, ഹാരൂണിനെ സ്വതന്ത്രനാക്കുവാനും "ദി വോയ്‌സ്" എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഠിനയത്നം നടത്തിയിരിന്നു. മോചന വാര്‍ത്ത അഭിഭാഷകയായ അനീക മരിയ ആന്റണി സ്ഥിരീകരിച്ചു. ആ മനുഷ്യന് തന്റെ കുടുംബത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും സംഘടനയ്ക്കു അതീവ സംതൃപ്തിയുണ്ടെന്നും അനീക പറഞ്ഞു.
ഒരു ബൈബിൾ ഭാഗം പോസ്റ്റ് ചെയ്തതിന് മാത്രം ആ മനുഷ്യനും കുടുംബത്തിനും ഗുരുതരമായ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നുവെന്നും ഇത് അന്യായമാണെന്നും, സംഘടന ചൂണ്ടിക്കാട്ടി. 2023 ജൂലൈ 11-ന് നടന്ന വാദം കേൾക്കലിൽ, ഏകദേശം 150 ഇസ്ലാമിക പുരോഹിതന്മാരും പ്രതിഷേധക്കാരും കോടതി പരിസരത്ത് തടിച്ചുകൂടിയിരിന്നതിനാല്‍ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാൻ ജഡ്ജിയ്ക്കു മേല്‍ സമ്മർദ്ധമുണ്ടായിരിന്നു. ഇതേ തുടര്‍ന്നാണ് ഹാരൂണിനെ ജയിലിലേക്ക് മാറ്റിയത്. തുടർന്ന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും, 2025 നവംബർ 8ന് കോടതി അന്തിമ വാദങ്ങൾ കേട്ട് ഹാരൂൺ ഷെഹ്‌സാദിനെ പൂർണ്ണമായി കുറ്റവിമുക്തനാക്കിയത്. അതേ സമയം തീവ്ര ഇസ്ലാം മത വിശ്വാസികളുടെ ഭീഷണി ഹാരൂണിനും കുടുംബത്തിനുമുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















