News - 2026

പാക്കിസ്ഥാനില്‍ ക്രൈസ്തവ യുവതിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി

പ്രവാചകശബ്ദം 06-01-2026 - Tuesday

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നു തട്ടിക്കൊണ്ടുപോയ ഇരുപത്തിയൊന്നുകാരിയായ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയെന്ന പരാതിയുമായി കുടുംബം. കഴിഞ്ഞ നവംബറിൽ വീട്ടിൽ നിന്ന് കാണാതായ മോണിക്ക ജെന്നിഫറാണ് മതമൌലികവാദികളുടെ ഇരയായിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത വിവാഹങ്ങളും മാതാപിതാക്കളുടെ സമ്മതമില്ലാതെയുള്ള കോടതി വിവാഹങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യൻ പെൺകുട്ടികൾ സുരക്ഷിതരല്ലായെന്നു പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകനായ ഇമ്രാൻ അമാനത്ത് പറഞ്ഞു.

ചില തീവ്രവാദികൾ ഈ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇസ്ലാമിക ശരീഅത്തു നിയമത്തെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇതിനു ഇരയാകുന്നതെന്നും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉള്‍പ്പെടെ നാല് ശതമാനം മാത്രമാണ് ജനസംഖ്യയെന്നും ഇമ്രാൻ അമാനത്ത് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം നിർബന്ധിത മതപരിവർത്തനമാണെന്നു ക്രൈസ്തവ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരിന്നു. നിർബന്ധിത മതപരിവർത്തനങ്ങളിൽ നിന്നും ശൈശവ വിവാഹങ്ങളിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിനു ഇടപെടല്‍ വേണമെന്ന് പാക്ക് കത്തോലിക്ക സഭ ആവശ്യപ്പെട്ടിരിന്നു.

യുണൈറ്റഡ് നേഷൻസ് ഇൻ്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടിൻ്റെ (യുനിസെഫ്) പഠനമനുസരിച്ച്, പാക്കിസ്ഥാനിലെ 6 യുവതികളിൽ 1 യുവതി ബാല്യത്തിൽ വിവാഹിതരാകുന്നുണ്ട്. 18 വയസ്സിന് മുമ്പ് വിവാഹിതരായ 19 ദശലക്ഷത്തോളം സ്ത്രീകളാണ് പാക്കിസ്ഥാനിലുള്ളത്. അവരിൽ 4.6 ദശലക്ഷം പേർ 15 വയസ്സിന് മുമ്പ് വിവാഹിതരായവരാണെന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷമായ ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം പരിവര്‍ത്തനം ചെയ്തുള്ള വിവാഹത്തിനെതിരെ നേരത്തെ മുതല്‍ തന്നെ പ്രതിഷേധം ശക്തമാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »