News

ഗാസയിൽ പുതിയ ആശുപത്രി ഉൾപ്പെടെയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്‌ത്‌ ഇറ്റാലിയന്‍ സഭ

പ്രവാചകശബ്ദം 02-10-2025 - Thursday

ഗാസ/ ജെറുസലേം: ഗാസയിലെ ജനങ്ങള്‍ കൊടിയ ദുരിതത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ പുതിയ ആശുപത്രി ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്‌ത്‌ ഇറ്റാലിയന്‍ കത്തോലിക്ക സഭ. സെപ്റ്റംബർ 27 മുതൽ 30 വരെ തീയതികളിൽ വിശുദ്ധ നാട് സന്ദർശിച്ച ഇറ്റാലിയന്‍ മെത്രാൻ സമിതി ജനറൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജ്യുസേപ്പേ ബത്തൂരിയാണ് ജെറുസലേമിലെ ലത്തീൻ പാത്രിയർക്കേറ്റിന്റെ കൂടി സഹകരണത്തോടെ ഗാസായിൽ ഒരു പുതിയ ആശുപത്രി തുടങ്ങുന്നതുൾപ്പെടെയുള്ള പദ്ധതികൾ മുന്നോട്ടുവച്ചത്.

ജെറുസലേമിലെ പാത്രിയർക്കീസ് കർദ്ദിനാൾ പിയർ ബാറ്റിസ്റ്റ പിസബല്ല നയിക്കുന്ന വിശുദ്ധ നാട്ടിലെ സഭയോടുള്ള ഇറ്റാലിയന്‍ സഭയുടെ സാഹോദര്യവും ഐക്യദാർഢ്യവും അറിയിക്കുന്നതിനു വേണ്ടിക്കൂടിയാണ് താൻ ഈ യാത്ര നടത്തിയതെന്ന് ആർച്ച് ബിഷപ്പ് ബത്തൂരി വ്യക്തമാക്കി. എന്നാൽ അതിനൊപ്പം മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശയും, മനുഷ്യാന്തസ്സിനെ ചവിട്ടിമെതിക്കുന്ന അന്യായമായ അതിക്രമങ്ങളിലുള്ള തങ്ങളുടെ പ്രതിഷേധവും അറിയിക്കുന്നതിനുവേണ്ടിക്കൂടിയാണ് ഈ യാത്രയെന്ന് അദ്ദേഹം അനുസ്മരിച്ചു.

വിശുദ്ധനാട്ടിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള സഹാനുഭൂതിയുടെ അടയാളമായാണ് ജെറുസലേമിലെ ലത്തീൻ പാത്രിയർക്കേറ്റിന്റെ കൂടി സഹകരണത്തോടെ ഗാസായിൽ പുതിയ ആശുപത്രി തുറക്കാൻ തങ്ങൾ പദ്ധതിയിടുന്നതെന്ന് ഇറ്റലിയിലെ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറലും കാല്യരി മെത്രാപ്പോലീത്തയുമായ ആർച്ച് ബിഷപ്പ് ജ്യുസേപ്പേ ബത്തൂരി പറഞ്ഞു. നമുക്ക് അംഗീകരിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്ത വിധത്തിൽ ശിക്ഷിക്കപ്പെടുന്ന ഒരു ജനതയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിക്കട്ടെയെന്നും ബന്ദികൾ മോചിതരായി തീരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കുടുംബങ്ങൾക്ക് പിന്തുണയും സഹായങ്ങളും നൽകാനും, ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെട്ട മേഖലകളില്‍ എത്തിക്കാനും, യുവജനങ്ങൾക്കായി വിദ്യാഭ്യാസ താമസസൗകര്യമൊരുക്കാനും, അതുവഴി ഭാവിയിലേക്കും മനഃസാക്ഷിയുടെ രൂപീകരണത്തിലേക്കും സഹായകരമാകുന്ന വിധത്തിലുള്ള സമാധാനത്തിന്റെ ശക്തി ഉയർത്തിക്കൊണ്ടുവരുവാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒറ്റപ്പെടലിനിടെ തങ്ങളെ സന്ദർശിച്ചതിനു ആർച്ച് ബിഷപ്പ് ജ്യുസേപ്പേ ബത്തൂരിയ്ക്കു ജെറുസലേമിലെ ലാറ്റിന്‍ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല നന്ദി രേഖപ്പെടുത്തി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍

More Archives >>

Page 1 of 1130