News - 2026

ലോകത്തു ഏറ്റവും കൂടുതൽ പീഡനത്തിന് ഇരയാകുന്നത് ക്രൈസ്തവ സമൂഹം: യു‌എന്നില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍

പ്രവാചകശബ്ദം 06-03-2026 - Friday

ജനീവ: ലോകത്തു ഏറ്റവും കൂടുതൽ പീഡനത്തിന് ഇരയാകുന്ന സമൂഹമാണ് ക്രൈസ്തവരെന്നു ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് എറ്റോർ ബാലെസ്ട്രെറോ. 2023 മുതൽ ഈ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജനീവയില്‍ നടക്കുന്ന കോണ്‍ഫറന്‍സിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടി. "പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കൊപ്പം നിൽക്കുക: വിശ്വാസത്തെയും ക്രിസ്തീയ മൂല്യങ്ങളെയും പ്രതിരോധിക്കുക" എന്നതായിരുന്നു അദ്ദേഹം അവതരിപ്പിച്ച സന്ദേശത്തിന്റെ തലക്കെട്ട്.

കഴിഞ്ഞ വര്‍ഷം ഏകദേശം 5,000 ക്രൈസ്തവര്‍ വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ടുവെന്ന് ലോക വ്യാപാര സംഘടനയുടെയും (WTO) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെയും (IOM) പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി കൂടിയായ ബാലെസ്ട്രെറോ ചൂണ്ടിക്കാട്ടി. ഒരു ദിവസം 13 പേർക്ക് തുല്യമെന്ന രീതിയിലാണ് കണക്ക്. ഇരകളെ "രക്തസാക്ഷികൾ" എന്ന പദത്തിന്റെ അർത്ഥത്തിലാണ് കാണാന്‍ കഴിയുകയെന്നും അവർ അധികാരത്തിന്റെ യുക്തിയെ വെല്ലുവിളിക്കുന്ന മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വിശ്വാസപ്രമാണത്തിന്റെ സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ഏകദേശം 400 ദശലക്ഷം ക്രൈസ്തവര്‍ പീഡനമോ അക്രമമോ നേരിടുന്നുണ്ടെന്നും ഇത് അവരെ ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന മതസമൂഹമാക്കി മാറ്റുകയാണെന്നും ആർച്ച് ബിഷപ്പ് എറ്റോർ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ക്രൈസ്തവര്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങള്‍ സംരക്ഷണം നൽകേണ്ടത് തങ്ങളുടെ കടമയാണെന്നു തിരിച്ചറിയണമെന്നും തങ്ങളുടെ ഉത്തരവാദിത്വം മറന്നു ശ്രദ്ധ തിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »