News - 2025
ഗാസ പ്രശ്നത്തില്‍ ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി; പ്രത്യാശ പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 02-10-2025 - Thursday
വത്തിക്കാന്‍ സിറ്റി: ഗാസയിലെ സമാധാനത്തിന് വേണ്ടി ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയില്‍ പ്രത്യാശ പങ്കുവെച്ച് ലെയോ പതിനാലാമൻ പാപ്പ. ഗാസാ പ്രശ്നപരിഹാരത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അംഗീകാരത്തോടെ വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന പദ്ധതി യാഥാർത്ഥ്യബോധത്തോടെയുള്ളതെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. സെപ്റ്റംബർ 30 ചൊവ്വാഴ്ച വൈകുന്നേരം വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപ്, മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരിന്നു പാപ്പ.
ഗാസയിൽ വെടിനിറുത്തൽ ഉണ്ടാകേണ്ടതും, ബന്ദികളായി തട്ടിക്കൊണ്ടുപോകപ്പെട്ടവർ സ്വാതന്ത്രരാക്കപ്പെടുന്നതും പ്രധാനപ്പെട്ടതാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുമായി ചെറു കപ്പലുകളുടെയും ബോട്ടുകളുടെയും ഒരു വ്യൂഹം (ഫ്ലോട്ടില്ല), ഇസ്രായേൽ പ്രതിരോധം മറികടന്ന് പാലസ്തീനായിലേക്ക് മാനവികസഹായമെത്തിക്കാനുള്ള പരിശ്രമം തുടരുന്നതിനെക്കുറിച്ച് പരാമർശിക്കവേ, അവിടെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കട്ടെയെന്നും, മനുഷ്യജീവിതങ്ങൾ മാനിക്കപ്പെടട്ടെയെന്നും പാപ്പ പറഞ്ഞു.
ഭ്രൂണഹത്യ അനുകൂല മനോഭാവമുള്ള അമേരിക്കൻ സെനറ്റർ ഡിക്ക് ഡർബിന് ചിക്കാഗോ കർദ്ദിനാൾ ബ്ലൈസ് കുപ്പിച് സമ്മാനം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേ, അതേകുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്ന് പറഞ്ഞ പാപ്പ, നാൽപ്പത് വർഷങ്ങൾ സെനറ്ററായി സേവനമനുഷ്ഠിച്ച ഒരാളെ വിലയിരുത്തുമ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും പരിഗണിക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു. ഭ്രൂണഹത്യയ്ക്കു എതിരുനിൽക്കുകയും എന്നാൽ വധശിക്ഷയെ അനുകൂലിക്കുകയും ചെയ്യുന്ന മനോഭാവം "ജീവോന്മുഖമായ" ഒന്നല്ലെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അമേരിക്കയിൽ കുടിയേറ്റക്കാർ നേരിടേണ്ടിവരുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റത്തോട് യോജിക്കുന്നതും ഇതിൽനിന്ന് വ്യത്യസ്തമല്ലെന്നും പാപ്പ കൂട്ടിച്ചേർത്തു. മാധ്യമ പ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്കു ലെയോ പാപ്പ മറുപടി നല്‍കി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?











