News - 2026
പേപ്പല്‍ പ്രതിനിധി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 20-07-2023 - Thursday
വാഷിംഗ്ടണ്‍ ഡി.സി: യുക്രൈനില്‍ സമാധാന ദൗത്യത്തിനായി ഫ്രാന്‍സിസ് പാപ്പ അയച്ച കർദ്ദിനാൾ മാറ്റിയോ സൂപ്പി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. സമാധാനത്തിന്റെ വഴികൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പ അയച്ച ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദ്ദിനാൾ മാറ്റിയോ സൂപ്പി, റഷ്യ - യുക്രൈന്‍ പ്രതിസന്ധിയില്‍ വിവിധ വിഷയങ്ങള്‍ ജോ ബൈഡന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. റഷ്യയിലേക്ക് നിർബന്ധിതമായി കൊണ്ടുപോയ യുക്രൈന്‍ കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള വത്തിക്കാന്റെ പ്രതിജ്ഞാബദ്ധതയും, അതിനുള്ള സഹായാഭ്യർത്ഥനയും കൂടിക്കാഴ്ചയുടെ മുഖ്യവിഷയമായിരുന്നു.
കൂടിക്കാഴ്ചയ്ക്കു പിന്നാലെ അമേരിക്കൻ സർക്കാർ ഇറക്കിയ പത്രകുറിപ്പിൽ, ഫ്രാൻസിസ് പാപ്പയുടെ ശുശ്രൂഷയ്ക്കും, സമാധാന ശ്രമങ്ങൾക്കും പ്രത്യേകമായ നന്ദി പ്രകടിപ്പിക്കുന്നതായും രാജ്യത്തു ഒരു ആര്‍ച്ച് ബിഷപ്പിനെ കൂടി പുതിയതായി കർദ്ദിനാളായി നിയമിച്ചതിലുള്ള സന്തോഷം അറിയിക്കുന്നതായും പറയുന്നു. യുക്രൈനിലെ റഷ്യയുടെ തുടർച്ചയായ ആക്രമണം മൂലമുണ്ടാകുന്ന വ്യാപകമായ ദുരിതങ്ങൾ പരിഹരിക്കുന്നതിന് മാനുഷിക സഹായം നൽകാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും, നാട്ടിലേക്ക് യുക്രൈൻ ജനതയ്ക്ക് മടങ്ങി വരുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെ പറ്റിയും ഇരുവരും ദീർഘനേരം സംസാരിച്ചുവെന്നും പ്രസ്താവനയില്‍ പരാമർശമുണ്ട്. ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കർദ്ദിനാൾ സൂപ്പി, യു.എസ് പാർലമെന്റംഗങ്ങളുമായും സംസാരിച്ചു.

















