News - 2026
ഭൂമിയിടപാട്: ദേവാലയങ്ങളില്‍ സര്‍ക്കുലര്‍ വായിച്ചു
സ്വന്തം ലേഖകന്‍ 11-02-2018 - Sunday
കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് സംയുക്ത സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടിന്‍ എന്നിവരും ചേര്‍ന്നാണ് സര്‍ക്കുലര്‍ തയാറാക്കിയത്. മേലധ്യക്ഷന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായ സഹോദരങ്ങളും തമ്മിലുള്ള കൂട്ടായ്മ തുടര്‍ന്നുകൊണ്ടുപോകേണ്ടത് അതിരൂപതയുടെ വളര്‍ച്ചയ്ക്കും സഭയുടെ സാക്ഷ്യത്തിനും അനിവാര്യമാണെന്ന്‍ സര്‍ക്കുലറില്‍ പറയുന്നു.
തങ്ങളുടെ കൂടിയാലോചനകളുടെയും സീറോ മലബാര്‍ സിനഡിലെ ചര്‍ച്ചകളുടെയും വെളിച്ചത്തില്‍ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ സഹായസഹകരണങ്ങളോടെ അതിരൂപതയുടെ സാധാരണഭരണം നിര്‍വഹിക്കും. അതിരൂപതയിലെ കാനോനിക സമിതികള്‍ വിളിച്ചുചേര്‍ക്കുക, അവയില്‍ അധ്യക്ഷത വഹിക്കുക എന്നിവ മാര്‍ എടയന്ത്രത്തായിരിക്കും നിര്‍വഹിക്കുക. പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും ആര്‍ച്ച്ബിഷപ്പിന്റെ ആലോചനയോടെയാകണം എടുക്കേണ്ടത്.
ഇടയ്ക്കിടെയും ആവശ്യപ്പെടുന്‌പോഴും തന്റെ ദൗത്യനിര്‍വഹണ സംബന്ധമായ റിപ്പോര്‍ട്ട് അദ്ദേഹം ആര്‍ച്ച്ബിഷപ്പിനു ലഭ്യമാക്കണം. അതിരൂപത കച്ചേരിയുടെയും ആലോചനാസമിതിയുടെയും ഫിനാന്‍സ് കൗണ്‍സിലിന്റെയും ഈയടുത്തു നിയമിച്ച സാന്പത്തികകാര്യ പ്രശ്‌നകാര്യ കമ്മിറ്റിയുടെയും സഹകരണത്തോടെവസ്തുവില്പകന യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായി അന്വേഷിച്ച് ഉചിതമായ പരിഹാരം കണ്ടെത്താന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്‍പതു നോമ്പിന്റെ ആദ്യത്തെ വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

















