News

സ്പാനിഷ് ആഭ്യന്തര യുദ്ധത്തില്‍ രക്തസാക്ഷികളായ 12 മെത്രാന്മാരുടെ ജീവത്യാഗത്തിന് 9 പതിറ്റാണ്ട്

പ്രവാചകശബ്ദം 06-08-2026 - Thursday

മാഡ്രിഡ്: സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ ക്രൈസ്തവ വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത 12 സ്പാനിഷ് മെത്രാന്മാരുടെ രക്തസാക്ഷിത്വത്തിന് ഒന്‍പത് പതിറ്റാണ്ട്. 1936 ജൂലൈ 18-ന് ആരംഭിച്ച അന്നത്തെ ആഭ്യന്തര യുദ്ധത്തില്‍ രക്തസാക്ഷികളായ ഭൂരിഭാഗം മെത്രാന്മാരുടെയും വിശ്വാസികളുടെയും 90-ാം വാർഷികമാണ് ഈ ഓഗസ്റ്റിൽ ആചരിക്കുന്നത്. നഗരം പിടിച്ചടക്കലിനുശേഷം സായുധസംഘം സിഗുയെൻസയിലെ മെത്രാനായിരുന്ന യൂസ്റ്റാക്വിയോ നിയേറ്റോയെ വധിച്ചതോടെയാണ് മെത്രാന്മാരുടെ രക്തസാക്ഷിത്വ പരമ്പരയ്ക്ക് തുടക്കമായത്.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തന്റെ രൂപതയിൽ തുടരുകയായിരുന്ന ബിഷപ്പ് യൂസ്റ്റാക്വിയോയെ തന്റെ മെത്രാൻ പദവി ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 5-ന് അറസ്റ്റ് ചെയ്തു തടവിലാക്കുകയും ഒടുവിൽ ലെയിഡയിലെ ശ്മശാനത്തിൽവെച്ച് വെടിവെച്ചു കൊലപ്പെടുത്തുകയുമായിരിന്നു. ക്വെൻകയിലെ ബിഷപ്പായിരുന്ന മോൺസിഞ്ഞോർ ക്രൂസ് ലാപ്ലാന, തന്റെ വൈദികരെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സെമിനാരിയിൽവെച്ച് അറസ്റ്റിലാകുകയായിരിന്നു. വേഷം മാറി രക്ഷപ്പെടാനുള്ള അവസരമുണ്ടായിരിണെങ്കിലും അദ്ദേഹം അത് നിരസിച്ചു. 1936 ഓഗസ്റ്റ് 8-ന് വെടിയേറ്റ് മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഒരു കൂട്ടക്കുഴിമാടത്തിലാണ് അടക്കം ചെയ്തത്. 1940-ൽ അദ്ദേഹത്തിന്റെ ഭൗതികശരീരം കത്തീഡ്രലിലേക്ക് മാറ്റി.

1936 ജനുവരിയിൽ ബിഷപ്പായി അഭിഷിക്തനായ മോൺസിഞ്ഞോർ ഫ്ലോറന്റീനോ അസെൻസിയോയായിരിന്നു അടുത്തതായി രക്തസാക്ഷിത്വം വരിച്ചത്. ബാർബാസ്ട്രോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററായി അദ്ദേഹം നിയമിതനായിരുന്നു. 1936 ജൂലൈ 22 മുതൽ തടവിലായിരുന്ന അദ്ദേഹത്തെ ഓഗസ്റ്റ് 8-ന് ഏകാന്ത തടവിലേക്ക് മാറ്റി. അവിടെവച്ച് വൃഷണം ഛേദിക്കപ്പെട്ടത് ഉൾപ്പെടെയുള്ള ക്രൂരമായ വിവിധതരം പീഡനങ്ങൾക്ക് അദ്ദേഹം വിധേയനായി. പിറ്റേന്ന് പുലർച്ചെ, മറ്റ് തടവുകാർക്കൊപ്പം ബാർബാസ്ട്രോ സെമിത്തേരിയിലേക്ക് കൊണ്ടുപോകപ്പെട്ട അദ്ദേഹം തന്നെ വധിക്കാൻ വന്നവർക്ക് മാപ്പും ആശീര്‍വാദവും നല്‍കി. ഫയറിംഗ് സ്ക്വാഡ് വെടിവെച്ചാണ് അദ്ദേഹത്തെയും കൊലപ്പെടുത്തിയത്.

സെഗോർബെ രൂപതയുടെ അദ്ധ്യക്ഷനായിരിന്ന ബിഷപ്പ് മിഗ്വൽ സെറയെ മറ്റ് വൈദികർക്കൊപ്പം അറസ്റ്റ് ചെയ്യുകയായിരിന്നു. മറ്റ് മെത്രാന്മാരെപ്പോലെ തന്നെ, അദ്ദേഹവും ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. ഓഗസ്റ്റ് 9-ന് പുലർച്ചെ അദ്ദേഹത്തെയും വെടിവെച്ചുകൊല്ലപ്പെടുത്തുകയായിരിന്നു. 1936 ഓഗസ്റ്റ് 12-ന് ജായെൻ രൂപതയിലെ ബിഷപ്പ് മോൺസിഞ്ഞോർ മാനുവൽ ബസുൾട്ടോയും ടാറഗോണയിലെ സഹായമെത്രാൻ മോൺസിഞ്ഞോർ മാനുവൽ ബോറാസും രക്തസാക്ഷികളായി. ഓഗസ്റ്റ് 22-ന് സിയുദാദ് റിയാൽ രൂപതാധ്യക്ഷനായ ബിഷപ്പ് നാർസിസോ ഡി എസ്തനാഗയെ വെടിവെച്ച് കൊലപ്പെടുത്തി.

ഓഗസ്റ്റ് 30-ന് അൽമേറിയ രൂപതാധ്യക്ഷൻ ബിഷപ്പ് ഡിയേഗോ വെന്റാജയും ഗ്വാദിക്സ് രൂപതാധ്യക്ഷൻ ബിഷപ്പ് മാനുവൽ മദീനയും രക്തസാക്ഷിത്വം വരിച്ചു. അൽമേറിയയിൽ അഭയം തേടിയിരുന്ന ഇരുവരെയും മറ്റ് വൈദികരോടൊപ്പം തടവിലാക്കി വിവിധ പീഡനങ്ങൾക്കു വിധേയരാക്കിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരിന്നു. മൃതദേഹങ്ങൾ പിന്നീട് പെട്രോൾ ഒഴിച്ച് കത്തിച്ചു കളഞ്ഞതായും ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓഗസ്റ്റിന് ശേഷം സ്പാനിഷ് ആഭ്യന്തര യുദ്ധത്തിനിടെ രണ്ട് മെത്രാന്മാരും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും രക്തസാക്ഷിത്വം വരിച്ചു. ഒരിഹുവേല രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മോൺ. ജുവാൻ ഡി ദിയോസ് പോൻസെ യ് പോസോ നവംബർ 30-ന് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

1936-ൽ ആരംഭിച്ച സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന് പ്രധാന കാരണം രാജ്യത്തെ രൂക്ഷമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഭിന്നതകളും ഇടതുപക്ഷ-വലതുപക്ഷ ആശയസംഘർഷങ്ങളും ആയിരുന്നു. റിപ്പബ്ലിക്കൻ സർക്കാരിന്റെ പരിഷ്‌കരണങ്ങൾ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ സ്വാധീനം കുറയ്ക്കാനുള്ള നടപടികളും അതിനെതിരായ ശക്തമായ എതിർപ്പും സംഘർഷം കൂടുതൽ രൂക്ഷമാക്കി. 1936 ജൂലൈ 17–18-ന് സൈനിക കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഇത് സ്പാനിഷ് ആഭ്യന്തര യുദ്ധമായി പരിണമിക്കുകയായിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »