News
കുടിയേറ്റക്കാർക്കായി പുനരധിവാസ കേന്ദ്രങ്ങളുമായി സ്പാനിഷ് കത്തോലിക്ക സഭ
പ്രവാചകശബ്ദം 03-08-2026 - Monday
മാഡ്രിഡ്: സ്‌പെയിനിലെ സെയൂത്തയിൽ അഭയാർത്ഥികൾ കൂട്ടമായി എത്തിയതോടുകൂടി, ഗുരുതരമായ മാനുഷിക പ്രതിസന്ധി ഉടലെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കാദിസ്-സെയൂത്ത രൂപത തങ്ങളുടെ പുനരധിവാസ കേന്ദ്രങ്ങൾ കുടിയേറ്റക്കാർക്കായി തുറന്നുകൊടുത്തു. രോഗികളും പരിക്കേറ്റവരുമായ ആളുകൾക്ക് ഇവിടെ പ്രത്യേക ചികിത്സയും പരിചരണവും നൽകിവരുന്നുണ്ടെന്ന് സഭാനേതൃത്വം അറിയിച്ചു. ഇതിനുപുറമെ, നഗരത്തിലെ ഇടവകകളിൽ വിശുദ്ധ കുർബാനകളിൽ ലഭിക്കുന്ന സ്തോത്രകാഴ്ചകൾ പൂർണ്ണമായും കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും രൂപത അറിയിച്ചു.
ആഫ്രിക്കൻ തീരത്തോട് ചേർന്നുള്ള സ്‌പെയിൻ നഗരമായ സെയൂത്തയിലേക്ക് വൻതോതിൽ കുടിയേറ്റക്കാർ എത്തുന്ന പശ്ചാത്തലത്തിൽ, ഇതിനെ കേവലം ഒരു കുടിയേറ്റ പ്രശ്നമായി കാണാതെ ഗുരുതരമായ 'മാനുഷിക പ്രതിസന്ധി'യായി പരിഗണിക്കണമെന്ന് സ്പാനിഷ് സഭ ആവശ്യപ്പെട്ടു. സ്പാനിഷ് മെത്രാൻ സമിതിയിലെ കുടിയേറ്റവിഭാഗത്തിനായുള്ള ഡയറക്ടർ ഫാ. ഫെർണാന്തോ റെദോന്തോ പാവോനാണ് ആഹ്വാനം നടത്തിയത്. നഗരത്തിൽ നിലവിൽ അസാധാരണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, നിയന്ത്രണാതീതമായ രീതിയിലാണ് ആളുകൾ അതിർത്തി കടന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ പ്രതിസന്ധിയെ രാഷ്ട്രീയ മുതലെടുപ്പിനായോ വിഭാഗീയത സൃഷ്ടിക്കാനോ ഉപയോഗിക്കരുതെന്ന് ഫാ. റെദൊന്തോ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു. സമാനമായ കുടിയേറ്റ പ്രവാഹം 2021-ലും ഉണ്ടായിട്ടുണ്ടെന്നും സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, ഏത് പ്രതികരണവും മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിലൂന്നിയാകണമെന്നും അദ്ദേഹം പറഞ്ഞു. ആശങ്കാജനകമായ സാഹചര്യം ഉത്കണ്ഠയോടെയാണ് നിരീക്ഷിക്കുന്നതെന്നും സമാധാനവും സ്ഥിരതയും നീതിയും കൈവരിക്കാനുള്ള പരിഹാരങ്ങൾ ദൈവമാതാവിന്റെ മാധ്യസ്ഥ്യത്തിലൂടെ കണ്ടെത്താനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന് ലെയോ പാപ്പ ഇന്നലെ പറഞ്ഞിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















