News

ലെബനോനിലെ ക്രൈസ്തവര്‍ക്ക് തന്റെ സാമീപ്യമറിയിച്ച് ലെയോ പാപ്പയുടെ സന്ദേശം

പ്രവാചകശബ്ദം 09-04-2026 - Thursday

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ കടുത്ത ആക്രമണങ്ങൾ നേരിട്ട ലെബനോനിലെ ക്രൈസ്തവര്‍ക്കും മറ്റ് ജനങ്ങള്‍ക്കും തന്റെ സാമീപ്യമറിയിച്ച് ലെയോ പാപ്പയുടെ സന്ദേശം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഒപ്പിട്ട് പരിശുദ്ധ പിതാവിന്റെ പേരിലയച്ച സന്ദേശം, രാജ്യത്തെ അപ്പസ്തോലിക ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് പാളോ ബോർജ്യ, ദെയ്ർ കിഫായിലുള്ള ക്യാമ്പിൽ നിന്ന് ടെലിവിഷൻ ചാനലുകളിലൂടെ ജനത്തിനായി വായിച്ചു.

കഴിഞ്ഞ ദിവസം ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവർ ചേര്‍ന്നുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും, ലെബനോനെ അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രം ലെബനനിൽ കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പാപ്പയുടെ സാന്ത്വന സന്ദേശമെന്നത് ശ്രദ്ധേയമാണ്. ധൈര്യം നഷ്ടപ്പെടുത്തരുതെന്ന് ആഹ്വാനമേകിയും, തെക്കൻ ലെബനോനിലെ ക്രൈസ്തവരുൾപ്പെടെ ഏവർക്കും തന്റെ സാമീപ്യം ഉറപ്പു നൽകിയുമാണ് ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശം.

ദേബേൽ ഗ്രാമത്തിൽ രാജ്യത്തെ അപ്പസ്തോലിക ന്യൂൺഷ്യോ നടത്താനിരുന്ന സന്ദർശനത്തിന്റെ ഭാഗമായി വായിക്കാനിരുന്നതാണ് പരിശുദ്ധ പിതാവിന്റെ കത്തെങ്കിലും, പ്രദേശത്തു തുടരുന്ന കനത്ത ആക്രമണങ്ങൾ ഈ സന്ദർശനം അസാദ്ധ്യമാക്കുകയായിരുന്നു. യുദ്ധവും ആക്രമണങ്ങളും മൂലം വേദനയും, ഭീതിയും അനുഭവിക്കുകയും, വിലപിക്കുകയും ചെയ്യുന്ന ഏവരുടെയും ഹൃദയത്തിൽ യേശുവിന്റെ തിരുവുത്ഥാനം നൽകുന്ന ആനന്ദം നിറയട്ടെയെന്ന് പാപ്പാ ആശംസിച്ചു. അനീതിയുടെയും ബുദ്ധിമുട്ടിന്റെയും നിമിഷങ്ങളിൽ ക്രിസ്തുവിന്റെ സഹനത്തിനും തിന്മയുടെമേലുള്ള വിജയത്തിനും ഒപ്പമാണ് വിശ്വാസികൾ ജീവിക്കുന്നതെന്ന് പാപ്പ കുറിച്ചു. പ്രത്യാശയോടെ ജീവിക്കാനും, ബുദ്ധിമുട്ടുകൾക്കിടയിലും തളർന്നുപോകാതെ പിടിച്ചുനില്‍ക്കാനും പാപ്പാ ജനങ്ങളെ ആഹ്വാനം ചെയ്തു.

ദേബേൽ ഗ്രാമത്തിലെ ആളുകൾക്കായി, ഈസ്റ്ററിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഞായറാഴ്ച മൂന്ന് ട്രക്കുകളിലായി നാൽപ്പത് ടൺ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായുള്ള പരിശ്രമങ്ങൾ നടന്നിരുന്നു. സഹായ വിതരണത്തിന് കൃത്യമായ സംവിധാനങ്ങള്‍ ഇല്ലെങ്കിലും സാധിക്കുന്ന വിധത്തിൽ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുവാന്‍ സഭ അതിന്റെ വിവിധ ഘടകങ്ങളിലൂടെ പരിശ്രമിക്കുന്നുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »