News - 2026

വേദനയുടെ നടുവില്‍ കുടിയിറക്കപ്പെട്ട ലെബനീസ് ക്രൈസ്തവരുടെ ഈസ്റ്റര്‍ ആഘോഷം

പ്രവാചകശബ്ദം 08-04-2026 - Wednesday

ബെയ്റൂട്ട്: തെക്കൻ ലെബനോനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വേദനയുടെ നടുവില്‍ നിന്ന് ലെബനീസ് ക്രൈസ്തവരുടെ ഈസ്റ്റര്‍ ആഘോഷം. പലായനം ചെയ്ത നിരവധി ലെബനീസ് ക്രൈസ്തവര്‍ വീടുകളിൽ നിന്നും പള്ളികളിൽ നിന്നും വളരെ അകലെയാണ് ഈസ്റ്റര്‍ കൊണ്ടാടിയത്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം കാരണം ആയിരക്കണക്കിന് ആളുകൾ അവരുടെ ഗ്രാമങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായിരിന്നു.

വ്യോമാക്രമണങ്ങളും മറ്റും ജന്മനാടുകളെ ബാധിച്ചതിനെത്തുടർന്ന് നിരവധി ക്രിസ്ത്യൻ കുടുംബങ്ങൾ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തിരിന്നു. രാജ്യതലസ്ഥാനമായ ബെയ്റൂട്ടിനടുത്തേക്കാണ് ക്രൈസ്തവര്‍ മാറിയത്. സ്വന്തം ഗ്രാമത്തിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതിനുപകരം, ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്താണ് ശുശ്രൂഷകൾ നടത്തിയതെന്ന് ഫാ. മറൂൺ ഗഫാരി വെളിപ്പെടുത്തി. തങ്ങളുടെ നാടിനെയും വീടിനെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ആളുകള്‍ക്കു മുന്നില്‍ ചിത്രങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിരിന്നു.

യുദ്ധം ലെബനോനില്‍ വലിയ നഷ്ടത്തിനും ദുരിതങ്ങള്‍ക്കും കാരണമായിരിന്നു. ഒരു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. തലമുറകളായി വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി ക്രിസ്ത്യാനികളാണ് പലായനം ചെയ്തത്. ഈസ്റ്റർ ആഘോഷങ്ങളെയും ഇത് ബാധിച്ചു. പലർക്കും സ്വഭവനങ്ങളിലേക്ക് മടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം തെക്കൻ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ചില ക്രിസ്ത്യാനികൾ ഭീഷണി നേരിടുന്നുണ്ടെങ്കിലും പ്രാർത്ഥനകൾക്കായി ഒത്തുകൂടുന്നത് തുടരുന്നുണ്ട്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്നു ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »