News

ഒന്നര പതിറ്റാണ്ടിന് ശേഷം ദിവ്യബലി; വിശ്വാസത്തിന്റെ തിരിച്ചുവരവിന് സാക്ഷിയായി മധ്യ സിറിയൻ പട്ടണം

പ്രവാചകശബ്ദം 16-07-2026 - Thursday

ഡമാസ്കസ്: സിറിയൻ ആഭ്യന്തര യുദ്ധം ആരംഭിച്ചിട്ട് ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം, മധ്യ സിറിയയിലെ അൽ-ഖരിയതൈൻ പട്ടണത്തിൽ ആദ്യമായി ദിവ്യബലി അർപ്പിച്ച് ക്രൈസ്തവ സമൂഹം. ആഭ്യന്തര യുദ്ധവും ഐഎസ് അധിനിവേശവും മൂലം വർഷങ്ങളായി ഒഴിഞ്ഞുകിടന്നിരുന്ന പട്ടണത്തിലേക്കുള്ള ക്രൈസ്തവരുടെ മടങ്ങിവരവും ദിവ്യബലി അര്‍പ്പണവും പുനര്‍ജ്ജീവനത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായാണ് പ്രദേശവാസികള്‍ നിരീക്ഷിക്കുന്നത്. യുദ്ധത്തിനിടെ ദേവാലയത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിനാൽ, വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ നാമധേയത്തിലുള്ള ഹാളിലായിരിന്നു ബലിയര്‍പ്പണം.

ലത്താക്കിയയുടെയും അനുബന്ധ പ്രദേശങ്ങളുടെയും ഗ്രീക്ക് ഓർത്തഡോക്സ് മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് അത്തനാസിയോസ് ഫഹ്ദിന്റെ കാർമികത്വത്തിലായിരിന്നു ബലിയര്‍പ്പണം. ഗ്രാമം നേരിട്ട ദുരിതപൂർണ്ണമായ വർഷങ്ങളെക്കുറിച്ച് പ്രദേശവാസികള്‍ ഇ‌ഡബ്ല്യു‌ടി‌എന്‍ പോര്‍ട്ടലിന്റെ അറബിക് വിഭാഗമായ 'എ‌സി‌ഐ മെന'യോട് വെളിപ്പെടുത്തി. മുൻ സർക്കാരുമായി ബന്ധമുള്ള സേനകൾ നടത്തിയ ബാരൽ ബോംബ്, മിസൈൽ ആക്രമണങ്ങൾ ഗസ്സാനിയയിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും, അതുമൂലം ഭൂരിഭാഗം താമസക്കാർക്കും ഗ്രാമം വിട്ടു പലായനം ചെയ്യേണ്ടി വന്നതായി ഇവര്‍ പറയുന്നു.

14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താൻ തിരിച്ചെത്തിയതെന്നും, വീട് പുനർനിർമ്മിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും പതിയെ തുടങ്ങിയതായും ചില പ്രദേശവാസികള്‍ വെളിപ്പെടുത്തി. വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമ്മിക്കേണ്ടതുണ്ടെന്നതിനാൽ, നാട്ടിലേക്കുള്ള മടക്കയാത്രയെ ആശങ്കയോടെ കാണുന്നവരുമുണ്ട്. മേഖലയിലേക്ക് തിരിച്ചു വരവ് ഉറപ്പാക്കാന്‍ സഭ ഇടപെടല്‍ തുടരുന്നുണ്ട്.

ഒരു പതിറ്റാണ്ട് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അൽ-ഖരിയതൈൻ പിടിച്ചടക്കിയതിനെ തുടർന്ന് നൂറുകണക്കിന് ക്രൈസ്തവർ പട്ടണം വിടാൻ നിർബന്ധിതരായിരുന്നു. നിരവധി ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയും ക്രൈസ്തവരുടെ വീടുകളും ആരാധനാലയങ്ങളും വ്യാപകമായി തകർക്കപ്പെടുകയും ചെയ്തിരുന്നു. യുദ്ധം അവസാനിച്ചെങ്കിലും സുരക്ഷാ ആശങ്കകളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം ഭൂരിഭാഗം കുടുംബങ്ങൾ ഇതുവരെ തിരിച്ചെത്തിയിരുന്നില്ല. വിശ്വാസികളുടെ മടങ്ങിവരവ് പ്രോത്സാഹിപ്പിക്കാനും ക്രൈസ്തവ സാന്നിധ്യം നിലനിർത്താനും സഭ തുടർന്നും പ്രവർത്തിക്കുമെന്ന് പ്രാദേശിക സഭാനേതാക്കൾ അറിയിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »