News
ഡമാസ്കസിലെ പാത്രിയാർക്കീസിനെ സന്ദര്‍ശിച്ച് സിറിയന്‍ പ്രസിഡന്‍റ്
പ്രവാചകശബ്ദം 29-10-2025 - Wednesday
അന്ത്യോക്യ: സിറിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ വിവിധയിടങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കിടെ പുതിയ ഭരണാധികാരി അഹമ്മദ് അൽ ഷാര അന്ത്യോക്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ജോൺ എക്സ് യാസിഗിയുമായി കൂടിക്കാഴ്‌ച നടത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ഡമാസ്കസിലെ പാത്രിയാർക്കൽ വസതിയിൽ നേരിട്ടു എത്തിയാണ് അഹമ്മദ് അൽ ഷാര കൂടിക്കാഴ്‌ച നടത്തിയത്. യോഗത്തിൽ അൽ ഷാരയ്‌ക്കൊപ്പം പ്രസിഡന്‍റിന്റെ ജനറൽ സെക്രട്ടറി മഹേർ അൽ-ഷറയും ഡമാസ്കസ് ഗവർണർ മഹേർ മർവാൻ ഇദ്‌ലിബിയും പങ്കെടുത്തു. "ക്രിസ്ത്യൻ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് അറിയുക" എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യമെന്നു സിറിയൻ പ്രസിഡന്‍റിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മനുഷ്യരാശിക്ക് അറിയാവുന്ന ആദ്യത്തെ സഹവർത്തിത്വത്തിന്റെ കളിത്തൊട്ടിലാണ് ഡമാസ്കസെന്നും അത് സംരക്ഷിക്കുന്നത് ഒരു ഉടമ്പടിയും, പ്രതിജ്ഞയും കടമയുമാണെന്നും അഹമ്മദ് അൽ ഷാര വ്യക്തമാക്കി. പുതിയ പ്രസിഡന്‍റ് അഹമ്മദ് അൽ ഷാരയും ക്രിസ്ത്യൻ നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയല്ലെങ്കിലും, ജനുവരിയിൽ അധികാരമേറ്റതിനുശേഷം ഒരു ദേവാലയത്തിലേക്ക് അദ്ദേഹം നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമായതിനാൽ കൂടിക്കാഴ്ച മാധ്യമ ശ്രദ്ധ നേടിയിരിന്നു. സിറിയയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹത്തിന്റെ ആത്മീയ നേതാവായ യാസിഗിയുമായുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ കൂടിക്കാഴ്ച കൂടിയാണിത്.
സിറിയയിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ (എച്ച്‌ടിഎസ്) നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ, ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യമിട്ടുള്ള വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും കൂട്ടക്കൊലകളിലും ക്രൈസ്തവ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചിരിന്നു. രാജ്യത്തിന്റെ തെക്കൻ പ്രദേശത്തെയും മറ്റ് പ്രദേശങ്ങളിലെയും ചരിത്ര പ്രാധാന്യമുള്ള ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് വേഗത്തിലും കൃത്യമായും നടപടികൾ സ്വീകരിക്കണമെന്നും യൂറോപ്യൻ സിറിയക് യൂണിയൻ (ESU) അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















