News
യുദ്ധം തകർത്ത സിറിയയിലെ സഭയെ താങ്ങിനിറുത്തിയ ആർച്ച് ബിഷപ്പ് ജീന്‍ ക്ലെമന്റ് വിടവാങ്ങി
പ്രവാചകശബ്ദം 19-05-2026 - Tuesday
ആലപ്പോ: സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ അതികഠിനമായ ഘട്ടങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രത്യാശ പകര്‍ന്ന് നിലക്കൊണ്ട സിറിയയിലെ ആലപ്പോ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് ജീന്‍ ക്ലെമന്റ് ജീന്‍ബര്‍ട് വിടവാങ്ങി. 83 വയസ്സായിരിന്നു. ഫ്രാൻസ് സന്ദർശനത്തിനിടെ മെയ് ഒന്പതിനായിരിന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. 1995 മുതൽ 2021 വരെ ആലപ്പോ അതിരൂപതയെ നയിച്ച അദ്ദേഹം, സിറിയൻ ആഭ്യന്തര യുദ്ധം ഏല്‍പ്പിച്ച കനത്ത ആഘാതങ്ങള്‍ക്കിടയിലും വിശ്വാസികളോടൊപ്പം തുടരുകയായിരിന്നു.
1943-ൽ ആലപ്പോയിലെ മെൽക്കൈറ്റ് കത്തോലിക്ക കുടുംബത്തിൽ ജനിച്ച ജീന്‍ബര്‍ട് 12 മക്കളില്‍ ആറാമനായിരുന്നു. 11-ാം വയസ്സിൽ അദ്ദേഹം സെമിനാരിയിൽ പ്രവേശിച്ചുവെങ്കിലും മടങ്ങി. പിന്നീട് വീണ്ടും വൈദിക പരിശീലനത്തില്‍ ഏര്‍പ്പെടുകയും 1968-ൽ തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. യുവജനങ്ങൾക്കായുള്ള വിവിധ ശുശ്രൂഷകളിലൂടെ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. തനിക്കു ഭരമേല്പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. 1995 സെപ്റ്റംബർ 16ന് മെത്രാനായി അഭിഷിക്തനായി.
സിറിയൻ യുദ്ധകാലത്ത് പലരും രാജ്യം വിട്ടുപോയപ്പോൾ പോലും ആലപ്പോ വിട്ടു പലായനം ചെയ്യാന്‍ ബിഷപ്പ് ജീന്‍ ക്ലെമന്റ് തയാറായില്ല. ബോംബാക്രമണങ്ങളും നാശനഷ്ടങ്ങളും നാടിനെ വേട്ടയാടിയപ്പോഴും സഭയുടെ മേല്‍ തനിക്കുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞു അദ്ദേഹം അവിടെ തന്നെ തുടര്‍ന്നു. സര്‍വ്വതും നഷ്ട്ടപ്പെട്ട വിശ്വാസികളെ ചേര്‍ത്തു പിടിച്ചും എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന വഴി സഹായങ്ങള്‍ ലഭ്യമാക്കിയും അദ്ദേഹം തന്റെ ഇടയധര്‍മ്മം നിര്‍വ്വഹിച്ചിരിന്നു.
“സിറിയയിലെ ക്രൈസ്തവർ ഇന്നും നിലനിൽക്കുന്നത് ദൈവപരിപാലനയിലാണ്” എന്ന അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച ഇരുണ്ട നാളുകളിൽ വിശ്വാസികൾക്ക് പ്രത്യാശയുടെ പ്രതീകമായിരുന്ന ആർച്ച് ബിഷപ്പ് രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനിൽപ്പിനായുള്ള ഏറ്റവും ശക്തരായ വക്താക്കളിൽ ഒരാളായിരിന്നു. തങ്ങളുടെ പ്രിയപ്പെട്ട മെത്രാപ്പോലീത്തായുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിറിയന്‍ വിശ്വാസികള്‍.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















