News - 2026
ടെക്സാസ് സ്കൂളുകളിൽ ക്രിസ്തീയ വിശ്വാസത്തിന് കൂടുതൽ പ്രാധാന്യം നല്കുവാന് വിദ്യാഭ്യാസ ബോർഡിന്റെ ഇടപെടല്‍
പ്രവാചകശബ്ദം 09-06-2026 - Tuesday
ഡാലസ്: അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ക്രൈസ്തവ വിശ്വാസത്തിനും ബൈബിളിനും കൂടുതൽ പ്രാധാന്യം നൽകുന്ന നിർദേശങ്ങൾ അന്തിമഘട്ടത്തിലേക്ക്. പുതിയ പഠന മാനദണ്ഡങ്ങൾക്കും ബൈബിൾ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള സാമൂഹ്യ പാഠ്യപദ്ധതിയ്ക്കും അന്തിമ അംഗീകാരം നൽകുന്ന വോട്ടെടുപ്പ് നടത്താനിരിക്കുകയാണ് ടെക്സാസ് സ്റ്റേറ്റ് ബോർഡ് ഓഫ് എജുക്കേഷൻ (SBOE). അമേരിക്കയുടെ രൂപീകരണത്തിലും പാശ്ചാത്യ നാഗരികതയുടെ വളർച്ചയിലും ക്രൈസ്തവ വിശ്വാസം ചെലുത്തിയ സ്വാധീനം കൂടുതൽ വിശദമായി പഠിപ്പിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
പഠനഭാഗവുമായി ബന്ധപ്പെട്ട പുതിയ വായനാപട്ടികയിൽ ദാവീദും ഗോലിയാത്തും, യോനാ പ്രവാചകനും വലിയ മത്സ്യവും, വിശുദ്ധ പൗലോസിന്റെ മാനസാന്തരം തുടങ്ങിയ ബൈബിൾ ഭാഗങ്ങളും ഉൾപ്പെടുത്തുവാന്‍ ബോര്‍ഡ് ശ്രമം നടത്തുന്നുണ്ട്. 2023-ൽ പാസാക്കിയ സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമം കഴിഞ്ഞ വര്‍ഷം ടെക്സാസിന്റെ ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു അംഗീകാരം നല്‍കിയിരിന്നു.
സംസ്ഥാനത്തെ പബ്ലിക് എലിമെന്ററി അല്ലെങ്കിൽ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികളില്‍ "ഈടുനിൽക്കുന്ന ഒരു പോസ്റ്റർ" അല്ലെങ്കിൽ "പത്ത് കൽപ്പനകളുടെ ഫ്രെയിം ചെയ്ത പകർപ്പ്" പ്രദര്ശിപ്പിക്കണമെന്നു ആവശ്യപ്പെടുന്ന നിയമനിർമ്മാണത്തിലാണ് ഗവർണർ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒപ്പുവെച്ചത്. 2024-ൽ, ബൈബിൾ കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ബ്ലൂബോണറ്റ് ലേണിംഗ് എലിമെന്ററി പാഠ്യപദ്ധതി ടെക്സാസില്‍ അംഗീകരിച്ചിരിന്നു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ അമേരിക്കയില്‍ ക്രിസ്തീയതയ്ക്കു മുന്‍തൂക്കം നല്കുന്ന സംസ്ഥാനമാണ് ടെക്സാസ്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















