News - 2026
ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്വകാര്യ പ്രഭാഷണങ്ങള്‍ വത്തിക്കാൻ പ്രസിദ്ധീകരിച്ചു
പ്രവാചകശബ്ദം 25-06-2026 - Thursday
വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മുന്‍പ് പ്രചരിപ്പിക്കപ്പെടാത്ത സ്വകാര്യ പ്രഭാഷണങ്ങള്‍ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. 2005 മുതൽ 2017 വരെയുള്ള കാലയളവിലെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്വകാര്യ പ്രഭാഷണങ്ങളുടെ ശേഖരമാണ് വത്തിക്കാൻ ആദ്യമായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. "ദി ലോർഡ് ഹോൾഡ്സ് അസ് ബൈ ദി ഹാൻഡ്" എന്ന പേരിലാണ് പുസ്തകം. തിരുസഭ ചരിത്രത്തിലെ മികച്ച ദൈവശാസ്ത്രജ്ഞനായ പാപ്പന്മാരില്‍ ഒരാളായി അറിയപ്പെടുന്ന ബെനഡിക്ട് പാപ്പയുടെ പ്രഭാഷണങ്ങള്‍ അനേകരെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
മാര്‍പാപ്പയായിരിന്ന കാലത്തും സ്ഥാന ത്യാഗം ചെയ്തതിന് ശേഷവും സ്വകാര്യ ദിവ്യബലിക്കിടെ ബെനഡിക്ട് പാപ്പ നടത്തിയ പ്രസംഗങ്ങളാണ് ഈ പുസ്തകത്തില്‍ പ്രധാനമായിട്ടുള്ളത്. യേശുക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുവാന്‍ ആഹ്വാനം നല്‍കുന്നതാണ് മിക്ക പ്രഭാഷണങ്ങളും. പ്രശസ്തനായ ദൈവശാസ്ത്രജ്ഞൻ, വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍, പത്രോസിന്റെ പിന്‍ഗാമി എന്നീ വിവിധ നിലകളില്‍ അദ്ദേഹം ആര്‍ജ്ജിച്ച ആഴമേറിയ ദൈവീക ജ്ഞാനത്തിന്റെ പ്രതിഫലനമാണ് സ്വകാര്യ പ്രഭാഷണങ്ങളിലും നിഴലിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു.
ബെനഡിക്റ്റ് പതിനാറാമന്റെ മുൻ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന ആർച്ച് ബിഷപ്പ് ജോർജ് ഗ്വാന്‍സ്വെയിനാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. ജോസഫ് റാറ്റ്സിംഗർ-ബെനഡിക്റ്റ് പതിനാറാമൻ വത്തിക്കാൻ ഫൗണ്ടേഷന്റെ പ്രസിഡന്റ് ഫാ. ഫെഡറിക്കോ ലോംബാർഡി എസ്.ജെ.യുടെ ആമുഖ കുറിപ്പും ഇതോടൊപ്പമുണ്ട്. 2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















