News

യൂറോപ്പിന്റെ ക്രിസ്തീയ പൈതൃകം സംരക്ഷിക്കേണ്ടത് അനിവാര്യം; പ്രസ്താവനയുമായി ഇറ്റലി - ഡെന്മാര്‍ക്ക് പ്രധാനമന്ത്രിന്മാര്‍

പ്രവാചകശബ്ദം 11-08-2026 - Tuesday

ബ്രസ്സൽസ്: യൂറോപ്പിന്റെ ക്രിസ്തീയ പൈതൃകം ശക്തമായി സംരക്ഷിക്കേണ്ടതുണ്ടെന്ന സംയുക്ത പ്രസ്താവനയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനും. യൂറോപ്പിന്റെ ചരിത്രത്തിലും സ്വത്വത്തിലും ക്രിസ്തീയ വിശ്വാസം വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞുകൊണ്ട്, സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുനേതാക്കളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നിലവിലുള്ള രാഷ്ട്രീയ-സാമൂഹിക വെല്ലുവിളികൾ നേരിടുമ്പോൾ യൂറോപ്പ് അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ വേരുകൾ വിസ്മരിക്കാൻ പാടില്ലെന്നു ഇരുവരും അഭിപ്രായപ്പെട്ടു.

യൂറോപ്പിലേക്ക് വരുന്നവർ അവിടുത്തെ സമൂഹങ്ങളുടെ മൂല്യങ്ങളെ മാനിക്കണമെന്നും പുതിയ സമൂഹങ്ങളുമായി ഇഴുകിച്ചേരാൻ ശ്രമിക്കണമെന്നും മെലോനിയും ഫ്രെഡറിക്‌സനും ഊന്നിപ്പറഞ്ഞു. യൂറോപ്പിൽ തുടരാൻ അർഹതയില്ലാത്ത കുടിയേറ്റക്കാരുടെ കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യൂറോപ്പിനെയും പൊതുവായ മൂല്യങ്ങളെയും ജീവിതരീതിയെയും സംരക്ഷിക്കാനുള്ള ശരിയായ മാർഗ്ഗം ഇതാണെന്ന് തങ്ങള്‍ വിശ്വസിക്കുകയാണെന്നും ഇരുവരുടെയും പ്രസ്താവനയില്‍ പറയുന്നു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനും കുടിയേറ്റ വിഷയത്തില്‍ ശക്തമായ നിലപാടുള്ള രാഷ്ട്രീയ നേതാക്കളാണ്. നിയന്ത്രണമില്ലാത്ത കുടിയേറ്റം മൂലം സാധാരണക്കാരായ ആളുകൾക്ക്, വളരെക്കാലമായി വലിയ വില നൽകേണ്ടിവന്നിട്ടുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി. സഭയുടെ കുടിയേറ്റ നയത്തിന് മെലോണി എതിരാണെങ്കിലും ക്രിസ്തീയ വിശ്വാസത്തിനും പ്രോലൈഫ് മൂല്യങ്ങള്‍ക്കും മെലോണി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇസ്ലാമിക അധിനിവേശം രാജ്യത്തു ഭീഷണി സൃഷ്ടിക്കുകയാണെന്ന ആരോപണം ഡെന്മാര്‍ക്കില്‍ നേരത്തെ ഉയര്‍ന്നിരിന്നു. ഇതിനെതിരെ ഭരണകൂട നടപടികള്‍ വ്യാപിപ്പിക്കുവാന്‍ രാജ്യത്തു ശ്രമം ആരംഭിച്ചിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »