News
മരണമില്ലാത്ത ഓര്‍മ്മയില്‍ ബെനഡിക്ട് പാപ്പയ്ക്കു സ്വര്‍ഗ്ഗത്തില്‍ 99ാം പിറന്നാള്‍
പ്രവാചകശബ്ദം 17-04-2026 - Friday
റോം: ആധുനിക സഭയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു സ്വര്‍ഗ്ഗത്തില്‍ 99ാം പിറന്നാള്‍. ഇന്നലെ ഏപ്രില്‍ 16നു പാപ്പയുടെ 99ാം ജന്മദിനമായിരിന്നു. വത്തിക്കാന്റെ ജോസഫ് റാറ്റ്സിംഗർ–ബെനഡിക്ട് പതിനാറാമൻ ഫൗണ്ടേഷൻ (ഫോണ്ടാസിയോൺ വത്തിക്കാന ജോസഫ് റാറ്റ്സിംഗർ–ബെനഡെറ്റോ 16) സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മശതാബ്ദി ആഘോഷം അടുത്ത വര്‍ഷമാണ് നടക്കുക.
1927 ഏപ്രില്‍ 16നു ജര്‍മ്മനിയിലെ ബവേറിയയിലാണ് ജോസഫ് റാറ്റ്സിംഗര്‍ ജനിച്ചത്. 1951 ജൂൺ 29ന് ഫ്രെയ്സിംഗിൽ മ്യൂണിക്കിലെ കർദ്ദിനാൾ മൈക്കിൾ വോൺ ഫോൾഹാർബറിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് ദൈവശാസ്ത്ര വിഷയങ്ങളുടെ പ്രഫസറായും, മ്യൂണിക്ക്-ഫ്രെയിസിംഗ് രൂപതയുടെ മെത്രാനായും, സഭയുടെ കര്‍ദ്ദിനാളായും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവനായും തിരഞ്ഞെടുക്കപ്പെട്ടു.
2005 ഏപ്രില്‍ 19-ന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ നിര്യാണത്തെ തുടര്‍ന്നു നടന്ന കോണ്‍ക്ലേവിലാണ് കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറിനെ ആഗോള സഭാതലവനായി തിരഞ്ഞെടുത്തത്. 2013 ഫെബ്രുവരി 28നു അദ്ദേഹം മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തു. വത്തിക്കാനിലുള്ള ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലായിരിന്നു അദ്ദേഹത്തിന്റെ വിശ്രമ ജീവിതം. 2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്.
പാപ്പ യാത്രയായത് ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന ചരിത്രപരമായ തിരുത്തി കുറിക്കല്‍ നടത്തിയതിന് ശേഷമായിരിന്നുവെന്നത് ശ്രദ്ധേയമാണ്. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രായത്തിന്റെ കണക്കാണ് ബെനഡിക്ട് മാർപാപ്പ 2020-ല്‍ മറികടന്നത്. നിത്യസമ്മാനത്തിന് വിളിക്കപ്പെടുമ്പോള്‍ ബെനഡിക്ട് പാപ്പയ്ക്കു 95 വര്‍ഷവും 8 മാസവും 15 ദിവസവുമായിരിന്നു പ്രായം. 1600ന് ശേഷമുള്ള മാർപാപ്പമാരുടെ പ്രായം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. 1740ൽ അന്തരിച്ച ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച മൂന്നാമത്തെ പാപ്പ.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















