News - 2026

സാങ്കേതികവിദ്യ നല്ലതെങ്കിലും അത് നമ്മെ അടിമകളാക്കരുത്: മൊബൈൽ ഫോൺ അടിമത്തത്തിനെതിരെ ലെയോ പാപ്പ

പ്രവാചകശബ്ദം 22-06-2026 - Monday

റോം: കുട്ടികള്‍ക്കിടയിലെ മൊബൈൽ ഫോൺ അടിമത്തത്തിനെതിരെ സന്ദേശവുമായി ലെയോ പാപ്പ. ഭക്ഷണസമയത്തും കുടുംബാംഗങ്ങൾ ഒത്തുചേരുമ്പോഴും മൊബൈൽ ഫോണുകൾ മാറ്റിവെച്ച് പരസ്പരം സംസാരിക്കാൻ ശീലിക്കണമെന്നും കുട്ടികളോട് പാപ്പയുടെ ആഹ്വാനം. വത്തിക്കാനിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പായ 'എസ്താത്തെ റഗാത്സി' സന്ദർശിച്ച് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരിന്നു പാപ്പ. ആധുനിക കാലത്തെ ഡിജിറ്റൽ ലോകത്തെ വെല്ലുവിളികളെക്കുറിച്ചും മനുഷ്യബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുമായി പാപ്പ ഹൃദ്യമായി സംവദിച്ചു.

ബന്ധങ്ങളുടെ പ്രാധാന്യത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പ സംസാരിച്ചത്. ഡിജിറ്റൽ ലോകത്ത് നിന്ന് എങ്ങനെ മുക്തി നേടാം എന്ന ഫെദറിക്കോ എന്ന ബാലന്റെ ചോദ്യത്തിന്, "നമ്മൾ മനുഷ്യരാണ്, അല്ലാതെ ടെക്നോ-റോബോട്ടുകളല്ല," എന്ന് ആമുഖമായി പറഞ്ഞ പാപ്പ, സാങ്കേതികവിദ്യ നല്ലതാണെങ്കിലും അത് നമ്മെ അടിമകളാക്കാൻ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു. ഭക്ഷണസമയത്തും കുടുംബാംഗങ്ങൾ ഒത്തുചേരുമ്പോഴും മൊബൈൽ ഫോണുകൾ മാറ്റിവെച്ച് പരസ്പരം സംസാരിക്കാൻ ശീലിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ദൈവം നമ്മുടെ സ്ക്രീനുകളിലേക്കല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നതെന്ന് പാപ്പ കുട്ടികളെ ഓർമ്മിപ്പിച്ചു.

"80 ദിവസത്തിനുള്ളിൽ ലോകം ചുറ്റാം" എന്ന ഈ വർഷത്തെ ക്യാമ്പ് പ്രമേയത്തെക്കുറിച്ച് മിഷേല എന്ന കുട്ടി ചോദിച്ചപ്പോൾ, തന്റെ യാത്രാനുഭവങ്ങളിൽ നിന്നുള്ള പാഠം പാപ്പ പങ്കുവെച്ചു. പലപ്പോഴും ജിപിഎസ് തെറ്റായ വഴിയിലൂടെ തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും വഴിയിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തലച്ചോറ് ശരിയായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ നമുക്ക് മൊബൈൽ ഫോണിന്റെ ആവശ്യമില്ല. ദൈവം നമുക്ക് നൽകിയ വലിയ കഴിവാണ് ചിന്തിക്കാനുള്ള ശേഷി. അതിനാൽ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കാതെ സ്വന്തം ബുദ്ധി ഉപയോഗിക്കാൻ പഠിക്കണമെന്നും പാപ്പ പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »