News - 2026
ലെയോ പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 44 വര്‍ഷം
പ്രവാചകശബ്ദം 20-06-2026 - Saturday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ലെയോ പതിനാലാമന്‍ പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 44 വര്‍ഷം പൂര്‍ത്തിയായി. 1982 ജൂൺ 19ന് റോമിലെ സാന്താ മോനിക്ക കപ്പേളയിൽവെച്ചാണ്, റോബർട്ട് പ്രെവോസ്റ്റ് എന്ന പേരിനു ഉടമയായ ലെയോ പാപ്പ വൈദികനായി അഭിഷിക്തനായത്. അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗമായ ലെയോ പാപ്പ 1981-ലാണ് നിത്യവ്രതം സ്വീകരിച്ചത്.
പൗരോഹിത്യ സ്വീകരണത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഓർമ്മക്കാർഡിൽ പതിനഞ്ചാം നൂറ്റാണ്ടിലെ റഷ്യൻ ഐക്കണായ അന്ത്യ അത്താഴത്തിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയത്. “നിങ്ങളെ എല്ലാവരെയും സാധാരണ അപ്പംകൊണ്ട് പോഷിപ്പിക്കുക എന്നത് എനിക്ക് സാധ്യമല്ല. എന്നാൽ ഈ വചനം നിങ്ങളുടെ ഓഹരിയാണ്. എന്നെ പോഷിപ്പിക്കുന്ന അതേ മേശയിൽ നിന്നാണ് ഞാൻ നിങ്ങളെയും പോഷിപ്പിക്കുന്നത്. ഞാൻ നിങ്ങളുടെ ദാസനാണ്.”- എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ കാര്‍ഡില്‍ ആലേഖനം ചെയ്തിരിന്നു.
തിരുപ്പട്ട സ്വീകരണത്തിന്റെ നാൽപ്പത്തിനാലാമത് വാർഷിക വേളയിൽ റോം രൂപത പാപ്പയ്ക്കു ആശംസകൾ അറിയിച്ചു. ദൈവരാജ്യത്തിന്റെ സുവിശേഷപ്രഘോഷണത്തിനും, സമാധാനത്തിന്റെ അന്വേഷണത്തിനുമായുള്ള ലെയോ പാപ്പയുടെ പ്രതിബദ്ധത, തങ്ങൾക്ക് ഏറെ പ്രചോദനമാണെന്ന് റോം രൂപത ഇന്നലെ പുറത്തിറക്കിയ ആശംസയിൽ എടുത്തു പറയുന്നു. തങ്ങളുടെ സ്നേഹവും, പ്രാർത്ഥനകളും പാപ്പയെ അറിയിച്ചു. ലെയോ പാപ്പയ്ക്കു വേണ്ടി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് റോം രൂപതയുടെ ആശംസ സന്ദേശം അവസാനിക്കുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
















