News
അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് രാജ്യത്തെ മെത്രാന്മാര്‍
പ്രവാചകശബ്ദം 12-06-2026 - Friday
ഒർലാൻഡോ, ഫ്ലോറിഡ: അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ, 250-ാം വാർഷികത്തിന്റെ ഭാഗമായി രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് കത്തോലിക്ക മെത്രാന്മാര്‍. വസന്തകാല പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി ഒർലാൻഡോയില്‍ ഒരുമിച്ച് കൂടിയ മെത്രാന്മാര്‍ ഇന്നലെ ജൂണ്‍ 11 വ്യാഴാഴ്ചയാണ് സമര്‍പ്പണം നടത്തിയത്. പ്രപഞ്ച രാജ്ഞിയായ മറിയത്തിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ നടന്ന ദിവ്യബലിയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും യുഎസ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ഒക്ലഹോമ സിറ്റി അതിരൂപതയുടെ അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് പോൾ കോക്ലി മുഖ്യകാർമ്മികനായിരുന്നു.
അമേരിക്കയിലെ ആദ്യത്തെ കത്തോലിക്ക രൂപതയായ ബാൾട്ടിമോറിലെ ആർച്ച് ബിഷപ്പ് വില്യം ലോറി ദിവ്യബലിയിൽ വചന സന്ദേശം നല്‍കി. രാഷ്ട്രത്തിന്റെ മഹത്തായ വാർഷികത്തോട് അടുക്കുമ്പോൾ, നമ്മൾ ഒത്തുകൂടുന്നത് നമ്മെത്തന്നെ ആഘോഷിക്കാനല്ല, മറിച്ച് നമ്മുടെ മുഴുവൻ ജനതയെയും യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിൽ സമർപ്പിക്കാനാണെന്നു ആർച്ച് ബിഷപ്പ് വില്യം ലോറി പറഞ്ഞു. പ്രസംഗത്തിനുശേഷം, യുഎസ് മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.
127 വർഷങ്ങൾക്ക് മുന്‍പ് ലെയോ പതിമൂന്നാമൻ മാർപാപ്പ മാനവ വംശത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ചുവെന്നും, അതേ ഭക്തിയുടെ തുടർച്ചയായിട്ടാണ് ഒർലാൻഡോയില്‍ ഇപ്പോള്‍ നടക്കുന്ന സമര്‍പ്പണമെന്നും ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. അതേ ആത്മാവിൽ, ഇപ്പോൾ നമ്മൾ അമേരിക്കൻ ഐക്യനാടുകളെ വിശുദ്ധീകരിക്കുകയാണെന്നും ക്രിസ്തു തന്റെ സ്വന്തം രക്തത്താൽ എല്ലാ ഭിന്നതകളും നീക്കം ചെയ്യുകയും ജനതകളെ ദൈവത്തിന്റെ ജനമാക്കി മാറ്റുകയും ചെയ്തുവെന്നും ആർച്ച് ബിഷപ്പ് പോൾ കോക്ലി പറഞ്ഞു. സമര്‍പ്പണത്തിനിടെ “യേശുവിന്റെ തിരുഹൃദയമേ, ഞങ്ങളോട് കരുണയുണ്ടാകേണമേ” എന്ന പ്രാര്‍ത്ഥന ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചിരിന്നു. നേരത്തെ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ കേന്ദ്രീകരിച്ചുള്ള വിചിന്തനങ്ങളോടെയാണ് ബിഷപ്പുമാർ തങ്ങളുടെ സമ്മേളനം അവസാനിപ്പിച്ചത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















