News - 2026
ഭീകരരുടെ പിടിയിലമര്‍ന്നപ്പോഴും ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച സിറിയന്‍ ബിഷപ്പിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പുരസ്‌കാരം
പ്രവാചകശബ്ദം 21-10-2025 - Tuesday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ അനുസ്മരണാര്‍ത്ഥമുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ പുരസ്‌കാരം സിറിയന്‍ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദിന്. സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള സമർപ്പിത ജീവിത മാതൃക മുൻനിർത്തിക്കൊണ്ടാണ് സിറിയയിലെ ഹോംസ് അതിരൂപത മെത്രാപ്പോലീത്തയായ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദിന് വത്തിക്കാന്‍ പുരസ്‌കാരം സമ്മാനിച്ചത്. 2015-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ തട്ടിക്കൊണ്ടുപോയി, വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിച്ച് പീഡിപ്പിച്ചുവെങ്കിലും ജീവന്‍ പോയാലും ക്രിസ്തുവിനെ തള്ളിപറയില്ലെന്ന് നിലപാടെടുത്ത വ്യക്തിയാണ് അദ്ദേഹം.
ക്രിസ്തുവിനെ നിഷേധിക്കാതെ അഞ്ച് മാസത്തെ തടവിൽ കഴിഞ്ഞ അദ്ദേഹം മോചിതനായപ്പോള്‍, ഹോംസ് അതിരൂപതയുടെ ആർച്ചുബിഷപ്പായി അഭിഷിക്തനായി. തുടർന്ന് അനുരഞ്ജനത്തിന്റെ വക്താവായി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയായിരിന്നു അദ്ദേഹം. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ചിന്തകളെയും പൈതൃകത്തെയും സഭാ ജീവിതത്തിൽ അദ്ദേഹത്തിന്റെ സ്വാധീനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പുരസ്കാരമാണ്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അവാർഡ്.
ജാക്വസ് മൗറാദിന്റെ ജീവിതകാലത്തെ സേവനം, വിശ്വാസത്തിന്റെ സാക്ഷ്യം, ക്രിസ്തീയ സ്നേഹം, മതാന്തര സംഭാഷണം, സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിക്കുന്നതെന്ന് ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റും അവാർഡ് കമ്മിറ്റി ചെയർമാനുമായ കർദ്ദിനാൾ കുർട്ട് കോഹ് ചടങ്ങിൽ പറഞ്ഞു. സിറിയയിലെ സഭയുടെ പ്രവർത്തനങ്ങൾക്കുള്ള കത്തോലിക്കാ സഭയുടെ അംഗീകാരമായാണ് താന്‍ ഈ ആദരവിനെ നോക്കികാണുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















