News

വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെ ഭരണത്തുടക്കം; വിശ്വാസ സാക്ഷ്യമേകി കോസ്റ്ററിക്കയുടെ പുതിയ പ്രസിഡന്‍റ്

പ്രവാചകശബ്ദം 12-05-2026 - Tuesday

കാർട്ടഗോ: മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ലോറ ഫെർണാണ്ടസ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെ തന്റെ ഭരണത്തിന് തുടക്കം കുറിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും പ്യൂബ്ലോ സോബെറാനോ പാർട്ടിയുടെ (പിപിഎസ്ഒ) പ്രതിനിധിയുമായ ലോറയും മറ്റ് ജനപ്രതിനിധികളും ഭരണതുടക്കത്തിന് മുന്നോടിയായി കാർട്ടഗോയിലെ മാലാഖമാരുടെ രാജ്ഞിയുടെ നാമധേയത്തില്‍ അറിയപ്പെടുന്ന പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ദേവാലയത്തില്‍ നേരിട്ടെത്തുകയായിരിന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പിന്നാലെ, തന്റെ പ്രസിഡൻഷ്യൽ കവചം, പ്രസിഡന്‍റ് ദേവാലയത്തില്‍ സമർപ്പിച്ചു.

ബിഷപ്പ് ജാവിയർ റോമൻ വിശുദ്ധ ബലിയര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികനായി. പുതിയ ഭരണകൂടത്തിലെ നേതൃനിരയിലെ വിവിധ അംഗങ്ങൾ ബലിയര്‍പ്പണത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു. പൊതു ഉത്തരവാദിത്തങ്ങൾ മനുഷ്യശക്തി കൊണ്ട് മാത്രം ക്രമീകരിക്കുവാന്‍ കഴിയില്ലെന്ന് ബിഷപ്പ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. അക്രമം, അരക്ഷിതാവസ്ഥ, മയക്കുമരുന്ന് കടത്ത്, വർദ്ധിച്ചുവരുന്ന കൊലപാതക നിരക്ക് എന്നിവയെ തുടര്‍ന്നു വെല്ലുവിളികള്‍ നേരിടുന്ന രാജ്യത്തില്‍, പുതിയ നേതാക്കൾക്ക് ഭരണപരമായ മികവും ജ്ഞാനവും ലഭിക്കുന്നതിനു വേണ്ടി ബിഷപ്പ് റോമൻ പ്രാർത്ഥിച്ചു.

മത്സരവും വോട്ടെണ്ണലും നടന്ന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ ഭക്തിയോടെ പങ്കെടുക്കുന്ന ലോറയുടെ ചിത്രം വൈറലായിരിന്നു. താൻ ഒരു കത്തോലിക്ക വിശ്വാസിയാണെന്ന് അഭിമാനത്തോടെ ഫെർണാണ്ടസ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും കഴിയുമ്പോഴെല്ലാം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാറുണ്ടെന്നും രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കു പകരം യഥാർത്ഥ ഭക്തി കൊണ്ടാണ് താന്‍ ഇത് ചെയ്യുന്നതെന്നും ലോറ പറഞ്ഞിരിന്നു. ധാർമ്മിക മൂല്യങ്ങൾക്കും ക്രിസ്തീയയ്ക്കും ഊന്നൽ നൽകിക്കൊണ്ടായിരിന്നു ലോറ ഫെർണാണ്ടസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരിന്നത്. വിജയിച്ചതായുള്ള ഫലം പുറത്തുവന്നപ്പോഴും"ദൈവത്തിന് നന്ദി... ഇന്ന്, അങ്ങയുടെ മുമ്പാകെ കീഴടങ്ങി, കോസ്റ്റാറിക്കയെ ഞാൻ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു" എന്നതായിരിന്നു അവരുടെ പ്രതികരണം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



More Archives >>

Page 1 of 1194