India - 2026

കൂനമ്മാക്കല്‍ തോമാ കത്തനാര്‍ക്കു വിട

പ്രവാചകശബ്ദം 04-05-2026 - Monday

കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്രജ്ഞനും ചരിത്രകാരനുമായ കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ഓര്‍മ്മയായി. അനേകം മെത്രാന്മാരുടെയും വൈദികരുടെയും സുറിയാനി പണ്ഡിതരുടെയും അധ്യാപകനായിരുന്നു. പാലാ രൂപതാ വൈദികനായ തോമാ കത്തനാര്‍ സുറിയാനി ഭാഷ പഠന കേന്ദ്രമായ കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും (സീരി) വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലും ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. മൃതസംസ്കാരം നാളെ മെയ് 5-ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിയന്‍സ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ നടക്കും. പാലാ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മ്മികനാകും.

1955 നവംബര്‍ 15- നാണ് കോട്ടയം ജില്ലയിലെ രാമപുരത്ത് കൂനമ്മാക്കല്‍ കുര്യന്‍-ത്രേസ്യ ദമ്പതികളുടെ മകനായി തോമാ കത്തനാരുടെ ജനനം. കോട്ടയത്ത് കുറവിലങ്ങാട്, കാപ്പും തലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനാണ്. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സുറിയാനി വിഭാഗത്തിന്റെ ഡീന്‍ ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങള്‍ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേംബ്രിഡ്ജ്, ഓക്സ്ഫഡ്, ദമാസ്‌കസ്, ബാഗ്ദാദ്, എത്യോപ്യയിലെ ആഡിസ് അബാബ തുടങ്ങിയ സര്‍വകലാശാലകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സുറിയാനി അക്ഷരങ്ങള്‍ ഉപയോഗിച്ച് മലയാളം എഴുത്തിയിരുന്ന കര്‍ശോന്‍ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (SEERI -St. Ephrem Ecumenical Research Institute, Kottayam) കഴിഞ്ഞ വര്‍ഷം മല്പാൻ പദവി നൽകി ആദരിച്ചിരിന്നു.


Related Articles »