News - 2026

സുഡാനിലെ യുദ്ധഭൂമിയിലും ജനത്തോടൊപ്പം നിലക്കൊണ്ട കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 23-06-2026 - Tuesday

ഖാർത്തൂം, സുഡാൻ: സുഡാനിലെ സംഘർഷഭരിതമായ നുബ പർവതനിര മേഖലയിൽ കൊടിയ ആക്രമണങ്ങള്‍ക്കിടയിലും തന്റെ ജനത്തോടൊപ്പം നിസ്തുലമായ ശുശ്രൂഷയുമായി സേവനം ചെയ്ത കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. 2023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ ഇക്കഴിഞ്ഞ ദിവസം അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിനിടെ വെടിയേറ്റാണ് കൌഡയിലെ ഇടവക വികാരി ഫാ. യുഹാന അലമിൻ ദാരുണമായി കൊല്ലപ്പെട്ടത്.

കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂൺ 13ന് പുലർച്ചെയാണ് ആക്രമണം നടന്നത്. ഫാ. യുഹാനയെ മനഃപൂർവ്വം ലക്ഷ്യംവച്ചുള്ള ആക്രമണമാണെന്ന് കരുതുന്നില്ലെങ്കിലും, പ്രദേശം മുഴുവൻ വ്യാപിക്കുന്ന തീവ്രമായ അക്രമത്തിന്റെ ഇരയായി അദ്ദേഹം മാറിയെന്ന് പ്രാദേശിക സഭാവൃത്തങ്ങൾ എസിഎന്നിനോട് പറഞ്ഞു. ജനുവരി മുതൽ ഫാ. യുഹാനയെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാൻ ശ്രമങ്ങൾ നടന്നിരിന്നുവെന്ന് സഭാനേതൃത്വം വ്യക്തമാക്കി.

നഗരം പൂർണ്ണമായും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനാൽ വളഞ്ഞിരുന്നു, അതിനാൽ രക്ഷപ്പെടൽ അസാധ്യമായിരുന്നു. അപകടമായ സംഘര്‍ഷങ്ങള്‍ക്കിടയിലും അദ്ദേഹം പ്രാദേശിക ക്രിസ്ത്യൻ സമൂഹത്തോടൊപ്പം ചേര്‍ന്ന് അവര്‍ക്ക് സാന്ത്വനം പകര്‍ന്നു. യുദ്ധത്തിനിടയിലും തന്റെ അജപാലന ശുശ്രൂഷ തുടർന്നു. ആദ്യം ഒരു യുവ സെമിനാരി വിദ്യാര്‍ത്ഥിയായി പ്രദേശത്ത് എത്തിയ അദ്ദേഹം പിന്നീട് ഒരു ഡീക്കനായും വൈദികനായും ഒടുവിൽ ഇടവക വികാരിയായും അജഗണത്തിനൊപ്പം നീങ്ങുകയായിരിന്നു. ഇതിനിടെയാണ് മരണം. നിലവിലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രദേശത്ത് കൊല്ലപ്പെട്ട രണ്ടാമത്തെ കത്തോലിക്കാ വൈദികനാണ് ഫാ. യുഹാന അലമിൻ.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »