Seasonal Reflections - 2026

ഈശോയോടൊപ്പം ധൈര്യപൂർവ്വം നമ്മുക്കും പോകാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 39

സി. റെറ്റി ജോസ് എഫ്‌സി‌സി/ പ്രവാചകശബ്ദം 26-03-2026 - Thursday

"എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം" (മത്തായി 26:46).

ഈ വചനം, പരാജയത്തിലേക്കോ മരണത്തിലേക്കോ ഉള്ള ഈശോയുടെ യാത്രയല്ല, മറിച്ച് ലോകത്തിന്റെ രക്ഷയിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പാണ്. പഴയനിയമത്തിൽ ഇസ്രായേൽ ജനതയോട് ദൈവം പറഞ്ഞ "പുറപ്പെടുക" എന്ന ആഹ്വാനത്തിന്റെ പൂർത്തീകരണമാണിത്. പുറപ്പാട് 12:31-ൽ അടിമത്തത്തിൽ നിന്ന് മോചിതരാകാൻ ദൈവം കൽപ്പിച്ചതുപോലെ, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിതരാകാൻ ഈശോ നമ്മെ വിളിക്കുന്നു. ഈജിപ്തിലെ അടിമത്തം വിട്ട് വാഗ്ദത്ത ഭൂമിയിലേക്ക് യാത്ര തിരിച്ചതുപോലെ, നമ്മുടെ ബലഹീനതകൾ വിട്ട് വിശുദ്ധിയിലേക്ക് നീങ്ങാൻ ഈ നോമ്പ് നമ്മോട് ആവശ്യപ്പെടുന്നു.

വിശുദ്ധ തോമസ് അക്വീനാസ് ഈ വചനത്തെ ആത്മീയ ധൈര്യത്തിന്റെ അടയാളമായിട്ടാണ് കാണുന്നത്. ഗെത്സെമനെ തോട്ടത്തിലെ പ്രാർത്ഥനയിലൂടെ തന്റെ മാനുഷികമായ ഭയത്തെ കീഴടക്കിയ ശേഷം, ഈശോ, തികഞ്ഞ നിശ്ചയദാർഢ്യത്തോടെ ശത്രുക്കളെ നേരിടാൻ ഒരുങ്ങുന്നു.

ഈശോ പിടിക്കപ്പെടാൻ കാത്തുനിൽക്കുകയല്ല, മറിച്ച് തന്നെ ഒറ്റിക്കൊടുക്കുന്നവന്റെ അടുത്തേക്ക് "പോകാം" എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. ഇത് അവിടുത്തെ ബലി സ്വമേധയാ, ധൈര്യപൂർവ്വം ഉള്ളതാണെന്ന് തെളിയിക്കുന്നു. ഈശോ തന്റെ മരണത്തെ ഭയന്നില്ലെന്നും, മറിച്ച് ലോകത്തിന്റെ പാപങ്ങൾ നീക്കി മരണത്തെ ജയിക്കാൻ ഒരു യോദ്ധാവിനെപ്പോലെ മുന്നോട്ട് പോയെന്നുമാണ് വി. സിറിൽ പഠിപ്പിക്കുന്നത്.

"നമുക്ക് പോകാം" എന്ന ആഹ്വാനം പിതാവായ ദൈവത്തിന്റെ രക്ഷാകര പദ്ധതി നടപ്പിലാക്കാനുള്ള ഈശോയുടെ വ്യഗ്രതയെയാണ് കാണിക്കുന്നത്. മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തെപ്രതി ഈശോ സഹനങ്ങളെ പുൽകാൻ തയ്യാറായി എന്ന് അലക്സാണ്ടറിയായിലെ വിശുദ്ധ സിറിൽ (St. Cyril of Alexandria) പറയുന്നു. "എഴുന്നേൽക്കുക" എന്നത് ഒരു ഉയിർത്തെഴുന്നേൽപ്പാണ് (Resurrection). വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കാനുള്ള കൃപയാണ് നോമ്പ് നൽകുന്നത്.

ഈശോ ഒറ്റയ്ക്കല്ല പോകുന്നത്, "നമുക്ക് പോകാം" എന്നാണ് പറയുന്നത്. നമ്മുടെ സഹനങ്ങളിലും കർത്താവ് കൂടെയുണ്ട്.

നമ്മുടെ ജീവിതത്തിലെ 'യൂദാസുമാരെ' (പ്രലോഭനങ്ങളെയും ചതികളെയും) നേരിടാൻ ഈശോയോടൊപ്പം ധൈര്യപൂർവ്വം ഇറങ്ങിത്തിരിക്കുക.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »