News - 2026

വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും

പ്രവാചകശബ്ദം 08-02-2026 - Sunday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിൽ, ദാരിദ്ര്യത്തിന്റെയും ആത്മീയതയുടെയും മാതൃക കാട്ടിയ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം മരണവാർഷികത്തിൽ വിശുദ്ധന്റെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറന്നു കൊടുക്കും. ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി മുതലാണ് പൊതുദർശനം ആരംഭിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം നാല് മണിക്ക് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ പേടകം ആഘോഷമായി കൊണ്ടുവരും.

അസീസ്സിയുടെ പേപ്പൽ ബസിലിക്കകളുടെ പൊന്തിഫിക്കൽ പ്രതിനിധി കർദ്ദിനാൾ ആംഗെൽ ഫെർണാണ്ടസ് ആർത്തിമേയുടെ മുഖ്യകാർമ്മികത്വത്തിലാണ് താഴത്തെ ബസിലിക്കയിലേക്ക് പേടകം ആഘോഷമായി കൊണ്ടുവരുക. ഫെബ്രുവരി 22 ഞായറാഴ്ച ബസിലിക്കയുടെ മുകളിലെ പള്ളിയിൽ ആഘോഷമായ വിശുദ്ധ ബലി കർദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. മാർച്ചുമാസം ഇരുപത്തിരണ്ടാം തീയതി വരെയാണ് പൊതുവണക്കം.

ഈ മാസം മുഴുവൻ, രൂപതകളിൽനിന്നും, മറ്റു സമൂഹങ്ങളിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകർ അസീസ്സിയിലേക്ക് എത്തുന്നതിനാൽ, പ്രവേശനത്തിന് മുൻകൂട്ടി രജിസ്ട്രേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. www.sanfrancescovive.org എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ്. ഫ്രാൻസിസ്കൻ മൂല്യങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യം വർദ്ധിപ്പിക്കാനും ഒരുമിച്ച് ജീവിക്കാനും ആഗ്രഹിക്കുന്ന ഇറ്റലിയിലെമ്പാടുമുള്ള യുവാക്കൾക്കും യുവതികൾക്കും വേണ്ടി മാർച്ച് 14, 15 തീയതികളിൽ സമ്മേളനവും അസീസ്സിയിൽ ഒരുക്കുന്നുണ്ട്. സമ്മേളനത്തില്‍ 400 പേര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »