India - 2026
ഇന്ത്യൻ ഭരണഘടനയിൽ സഭയുടെ പ്രബോധനങ്ങൾ പ്രതിധ്വനിക്കുന്നു: അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ജിറേല്ലി
05-02-2026 - Thursday
ബംഗളൂരു: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്ന ആദർശങ്ങൾ സഭയുടെ സാമൂഹിക പ്രബോധനങ്ങളെ ആഴത്തിൽ പ്രതിധ്വനിപ്പിക്കുന്നുവെന്ന് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലെയോ പോൾദോ ജിറേല്ലി. ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനം ബംഗളൂരു സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികൾക്കിടയിലും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, മാനുഷിക വികസനം എന്നിവയിലൂടെ രാജ്യത്തിനു സഭ നിസ്തുല സംഭാവന നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്പസ്തോലിക ആശീർവാദം അറിയിക്കവേ, സേവനത്തിന്റെയും സംഭാഷണത്തിൻ്റെയും ദൗത്യത്തിൽ ഉറച്ചുനിൽക്കാൻ ഇന്ത്യയിലെ സഭയ്ക്ക് പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ വത്തിക്കാൻ ന്യൂൺഷ്യോ ആവർത്തിച്ചു. നേരത്തേ, വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ ക്രിസ്തുവിൻ്റെ സ്നേഹം വിനയത്തോടെ, പ്രത്യേകിച്ച് ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും എളിമയുള്ള സേവനത്തിലൂടെ പ്രഘോഷിക്കാൻ ന്യൂൺഷ്യോ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു.
എല്ലാവരുമായുള്ള അടുപ്പത്തിലൂടെയും നീതി, സമാധാനം, മാനുഷിക അന്തസ് എന്നിവയോടുള്ള സ്ഥിരമായ പ്രതിബദ്ധതയിലൂടെയുമാണ് സഭയുടെ വിശ്വാസ്യത സമൂഹത്തിലേക്ക് പ്രവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പത്തുവരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതക ളിൽനിന്നുള്ള 210 ബിഷപ്പുമാരാണു പങ്കെടുക്കുന്നത്.
⧪ പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















