News - 2026

സലേഷ്യൻ സമൂഹം കൊൽക്കത്തയില്‍ ആരംഭിച്ച പ്രേഷിത ദൗത്യത്തിന് ഒരു നൂറ്റാണ്ട്

പ്രവാചകശബ്ദം 02-02-2026 - Monday

കൊൽക്കത്ത: കുട്ടികളുടെ സംരക്ഷണത്തിനും യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനും വിവിധ സാമൂഹിക സേവനങ്ങൾക്കുമായി സലേഷ്യൻ സമൂഹം കൊൽക്കത്തയിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. 1926-ല്‍ ആണ് പൂര്‍ണ്ണ തോതില്‍ സലേഷ്യന്‍ സമൂഹം തങ്ങളുടെ ശുശ്രൂഷ കൊൽക്കത്തയില്‍ ആരംഭിക്കുന്നത്. ഇന്ന് ഇന്ത്യയിൽ സലേഷ്യൻ സമൂഹത്തിനു 11 പ്രോവിൻസുകളാണുള്ളത്. ദരിദ്രരും ദുർബലരുമായവരുടെ പിന്തുണയും പരിശീലനവും ഉറപ്പാക്കാനും യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനും, കുട്ടികളുടെ സംരക്ഷണത്തിനും മറ്റു സാമൂഹിക സേവനങ്ങൾക്കുമായി സലേഷ്യൻ സമൂഹം ഒരു നൂറ്റാണ്ടായി പ്രവര്‍ത്തനനിരതരാണ്.

ബ്രിട്ടീഷ് കോളനിയായിരുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ ഷില്ലോങ്ങിലാണ് സലേഷ്യൻ സന്യാസ സമൂഹം ആദ്യമായി എത്തിയത്. യുവജനങ്ങളെ വിവിധ തൊഴിലുകൾ പഠിപ്പിച്ചുകൊണ്ട് സലേഷ്യൻ മിഷ്ണറിമാർ നിഷ്ക്രിയരായ യുവജനങ്ങളെ വിദഗ്ധ തൊഴിലാളികളാക്കി മാറ്റി. തുടർന്നാണ് സലേഷ്യൻ അധികാരികള്‍ കേന്ദ്രം കൊൽക്കത്തയിലേക്ക് മാറ്റിസ്ഥാപിക്കുന്നത്.

കൊൽക്കത്തയിലെ സലേഷ്യൻ പ്രവിശ്യ ബീഹാർ, സിക്കിം, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലായിട്ടാണ് വ്യാപിച്ചു കിടക്കുന്നത്. 11 പ്രവിശ്യകളിലായി, 420 ഡോൺ ബോസ്കോ ടെക്‌നിക്കൽ വിദ്യാലയങ്ങളും, യുവജനങ്ങള്‍ക്കുള്ള 174 അഭയ കേന്ദ്രങ്ങളും, 34 കുടിയേറ്റ പിന്തുണാ കേന്ദ്രങ്ങളുമായി സജീവമാണ്. ശതാബ്ദിയാഘോഷത്തിൽ പങ്കുചേരുവാൻ, സന്യാസ സമൂഹത്തിന്റെ റെക്ടർ മേജർ ഫാ. പാദ്രെ ഫാബിയോ അറ്റാർഡ് ഫെബ്രുവരി അഞ്ചാം തീയതി ഇന്ത്യയിൽ എത്തും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »