News - 2026
നൈജീരിയയില്‍ ക്രൈസ്തവര്‍ ഉൾപ്പെടെ നാൽപ്പത്തൊൻപത് പേർ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 10-01-2026 - Saturday
അബൂജ: നൈജീരിയയിലെ കെബ്ബി സംസ്ഥാനത്ത് സായുധ അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ നാല്പത്തൊൻപത് പേർ കൊല്ലപ്പെട്ടു. പ്രാദേശിക മെത്രാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബർ 28നും ജനുവരി 3നുമിടയിൽ കെബ്ബി സംസ്ഥാനത്തുള്ള പ്രാദേശിക മേഖലയിലാണ് അറുപതോളം വരുന്ന സായുധസംഘം ആക്രമണം അഴിച്ചുവിട്ടത്. രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ബുളുസ് ദൗവ യോഹന്നയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബോർഗു കാടുകളിൽനിന്ന് മുപ്പതോളം ബൈക്കുകളിലെത്തിയ അക്രമികൾ വിവിധ ഗ്രാമങ്ങളിലെത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഡിസംബർ 28ന് കൈവ ഗ്രാമത്തിൽ അഞ്ച് പേരെയും, ഗേബേയിൽ രണ്ടു പേരെയും അക്രമിസംഘം കൊലപ്പെടുത്തിയെന്നാണ് വിവരം.
തുടർന്ന് ഗ്രാമങ്ങൾ കൊള്ളയടിച്ച സംഘം വീടുകളും ധാന്യശേഖരങ്ങളും അഗ്നിക്കിരയാക്കി. ജനുവരി ഒന്നാം തീയതി ഷഫാസി ഗ്രാമത്തിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഘം അവിടെയുണ്ടായിരുന്ന പ്രധാനപ്പെട്ട രേഖകൾ നശിപ്പിച്ചു. തുടർന്ന് രാത്രിയിൽ കാട്ടിൽ തങ്ങിയ സംഘം, ജനുവരി രണ്ടാം തീയതി സോകോൺബോറയിലുള്ള കത്തോലിക്കാ ദേവാലയം ആക്രമിക്കുകയും കുരിശുരൂപം, കുരിശിന്റെ വഴിയുടെ ചിത്രങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയും നശിപ്പിക്കുകയും അവിടെയുണ്ടായിരുന്ന ബൈക്കുകളും മൊബൈൽ ഫോണുകളും പണവും മോഷ്ടിക്കുകയും ചെയ്തുവെന്ന് സഭാനേതൃത്വം വെളിപ്പെടുത്തി.
ജനുവരി മൂന്നാം തീയതി കുസുവാൻ ദാജി ഗ്രാമത്തിലെത്തിയ സംഘം അവിടെയുള്ള ചന്തയിലെ കടകൾക്ക് തീയിടുകയും നാല്പത്തിരണ്ടു പേരെ കൈകൾ ബന്ധിച്ച ശേഷം കൊലപ്പെടുത്തുകയും ചെയ്തു. കൊല ചെയ്യപ്പെട്ടവരിൽ ക്രൈസ്തവർക്കൊപ്പം ഇസ്ലാം മതവിശ്വാസികളും ഉണ്ടായിരുന്നുവെന്ന് ബിഷപ് യോഹന്നാ അറിയിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടുവെങ്കിലും, സംഭവത്തിൽ സുരക്ഷാസേനയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയയില്‍ ക്രൈസ്തവര്‍ നിലനില്‍പ്പിന് വേണ്ടി പോരാടുന്നതിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















