News - 2026
ലോകത്തിലെ മികച്ച ആശുപത്രികളില്‍ വത്തിക്കാനിലെ ഉണ്ണീശോയുടെ നാമധേയത്തിലുള്ള ആശുപത്രി ആറാം സ്ഥാനത്ത്
പ്രവാചകശബ്ദം 27-02-2026 - Friday
വാഷിംഗ്ടണ്‍ ഡിസി: യുഎസ് മാഗസിൻ ന്യൂസ് വീക്കിന്റെ 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ റാങ്കിംഗിൽ, വത്തിക്കാനിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാംബിനോ ഗെസു ഹോസ്പിറ്റല്‍ ആറാം സ്ഥാനത്ത്. യൂറോപ്പിലെ ഒന്നാം റാങ്കുള്ള ആശുപത്രിയും ഇതാണ്. പരിശുദ്ധ സിംഹാസനത്തിന്റെ മേല്‍ നോട്ടത്തിലുള്ള ആശുപത്രിയാണിത്. ഡാറ്റാ ശേഖരണ കമ്പനിയായ സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ചാണ് യുഎസ് മാഗസിൻ ന്യൂസ് റാങ്ക് പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ വിഭാഗം ഉള്‍പ്പെടെ12 മെഡിക്കൽ മേഖലകളിലെ ലോകമെമ്പാടുമുള്ള മുൻനിര ആശുപത്രികളെ പരിഗണിച്ചു 32 രാജ്യങ്ങളിലെ 2,500 ആശുപത്രികളെ വിലയിരുത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്.
ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ അന്താരാഷ്ട്ര സർവേയിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ, പരിചരണത്തിന്റെ ഗുണനിലവാരത്തെയും രോഗി സുരക്ഷയെയും കുറിച്ചുള്ള സ്വതന്ത്ര ഡാറ്റ, ക്ലിനിക്കൽ ഫലങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ സൂചകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയാറാക്കിയത്. റോമിൽ സ്ഥിതി ചെയ്യുന്ന ഉണ്ണീശോയുടെ നാമധേയത്തിലുള്ള ബാംബിനോ ഗെസു ചിൽഡ്രൻസ് ഹോസ്പിറ്റൽ യൂറോപ്പിലെ പ്രമുഖ പീഡിയാട്രിക് മെഡിക്കൽ, ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നാണ്.
1869-ൽ സ്ഥാപിതമായ ആശുപത്രി പിന്നീട് വത്തിക്കാന് കൈമാറുകയായിരിന്നു. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ, ട്രാൻസ്പ്ലാൻറുകൾ, അപൂർവ രോഗങ്ങൾക്കുള്ള നൂതന ചികിത്സകൾ എന്നിവയുൾപ്പെടെ ഇവിടെ ലഭ്യമാണ്. "പോപ്പ്സ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍" എന്ന പേരിലും ഈ ആശുപത്രി അറിയപ്പെടുന്നുണ്ട്. ക്രിസ്തീയ സ്നേഹം, കരുണ, കുടുംബങ്ങളോടുള്ള സഹവർത്തിത്വം എന്നീ മൂല്യങ്ങള്‍ക്കു അതീവ പ്രാധാന്യം നല്‍കുന്ന ആതുരാലയം കൂടിയാണ് ആശുപത്രി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















