News - 2026

നാനൂറിന്റെ നിറവിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക

പ്രവാചകശബ്ദം 18-02-2026 - Wednesday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക നാനൂറാമത് വാർഷികത്തിന്റെ നിറവില്‍. 1626-ലാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്ക ആഗോള സഭയ്ക്കായി സമര്‍പ്പിക്കപ്പെട്ടത്. ആദ്യ പാപ്പയായ വിശുദ്ധ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണിതെന്ന് ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗംബെത്തി വത്തിക്കാൻ പ്രസ് ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തീർത്ഥാടകർക്കായും സന്ദർശകർക്കായും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കുവാന്‍ സാധിക്കാത്തവർക്കായി, ബസിലിക്കയുടെ നിർമ്മാണത്തിന്റെ കഥ പറയുന്ന, "ബിയോണ്ട് ദി വിസിബിൾ" എന്ന ഡിജിറ്റൽ പദ്ധതി ഒരുക്കുന്നുണ്ടെന്നു കർദ്ദിനാൾ മൗറോ ഗംബെത്തി പറഞ്ഞു. നവംബർ 3, 10, 17 തീയതികളിൽ പേപ്പൽ ഭവനത്തിന്റെ പ്രസംഗകനായ ഫാ റോബെർത്തോ പസോളിനി, സുവിശേഷത്തിന്റെയും അപ്പസ്തോല പ്രവർത്തന പുസ്തകത്തിന്റെയും വെളിച്ചത്തിൽ, വിശുദ്ധ പത്രോസിനെക്കുറിച്ചുള്ള ധ്യാന ചിന്തകൾ ദേവാലയത്തില്‍വെച്ചു പങ്കുവയ്ക്കും.

ആഘോഷങ്ങളോടനുബന്ധിച്ച്, 60 ഭാഷകളിലേക്ക് ഒരേസമയം തീർത്ഥാടകർക്ക് ആരാധനക്രമങ്ങൾ, ഗാനങ്ങൾ, വായനകൾ എന്നിവ വിവർത്തനം ചെയ്തു ഉപയോഗിക്കുവാനുള്ള മൊബൈൽ ആപ്പും, വത്തിക്കാൻ മാധ്യമ വിഭാഗം ഒരുക്കിയിട്ടുണ്ട്. ആഘോഷ പരിപാടികൾ നവംബർ പതിനെട്ടിന്, ലെയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെ സമാപിക്കും.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »