India - 2026
ലോകത്തെ ഏറ്റവും നീളംകൂടിയ കൈയെഴുത്ത് ബൈബിള്‍ പ്രതി തൃശൂരില്‍
പ്രവാചകശബ്ദം 29-12-2025 - Monday
തൃശൂർ: നൂറു കിലോമീറ്റർ നീളമുള്ള ലോകത്തെ ഏറ്റവും നീളംകൂടിയ കൈയെഴുത്ത് ബൈബിളിന് ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ്. കെസിവൈഎം തൃശൂർ അതിരൂപതയുടെയും പരിശുദ്ധ വ്യാകുലമാതാ ബസിലിക്ക തീർഥകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2025-ാം ജൂബിലി വർഷത്തോടനുബന്ധിച്ചു 2025 പേർ ചേർന്നാണു ബൈബിൾ എഴുതിയത്. ബൈബിളിന്റെ പ്രകാശനം കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് അവസാനവാക്യമെഴുതി നിർവഹിച്ചു.
ഇന്നലെ രാവിലെ 8.30നു ബസിലിക്ക അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡൽഹിയിലെ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് പ്രതിനിധി എം.കെ. ജോസി ൽനിന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട്, തീർത്ഥാടനകേന്ദ്രം റെക്‌ടർ ഫാ. തോമസ് കാക്കശേരി, ഫാ. ജിയോ ചെരടായി, ഫാ. സാജൻ വടക്കൻ, ഫാ. അലക്സസ് മരോട്ടിക്കൽ, കെസിവൈഎം തൃശൂർ അതിരൂപത ഭാരവാഹികൾ, തീർത്ഥാടനകേന്ദ്രം കൈക്കാരമാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കെസിവൈഎം തൃശൂർ അതിരൂപത ഭാരവാഹികൾ, വിവിധ ഫൊറോന യൂണിറ്റ് ഭാരവാഹികൾ, യുവജന പ്രതിനിധികൾ, പരിശുദ്ധ വ്യാകുലമാതാ ബസിലിക്ക കൈക്കാരന്മാർ, ഇടവക പ്രതിനിധികൾ, ശതാബ്‌ദി വർഷ ആഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

















