News - 2026

പത്തു വര്‍ഷത്തിനിടെ നൈജീരിയയിൽ തട്ടിക്കൊണ്ടുപോയത് 212 വൈദികരെ

പ്രവാചകശബ്ദം 27-12-2025 - Saturday

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ പത്തു വര്‍ഷത്തിനിടെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത് ഇരുനൂറിലധികം വൈദികരെ. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ സംഘടനയാണ് വിശദമായ പഠനത്തിന് ഒടുവില്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2015 നും 2025 നും ഇടയിൽ 212 വൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തു തട്ടിക്കൊണ്ടുപോയ 212 വൈദികരില്‍ 183 പേരെ മോചിപ്പിച്ചിട്ടുണ്ട്. അതേസമയം 12 പേർ കൊല്ലപ്പെട്ടു. തടവിലായ ശേഷം തങ്ങൾ അനുഭവിച്ച ആഘാതവും പരിക്കും സഹിക്കവയ്യാതെ മൂന്ന് പേർ പിന്നീട് മരിക്കുകയും ചെയ്തതായും എസിഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കും വൈദികര്‍ക്കും ഒരുപോലെ ഭീഷണിയായ രാജ്യമാണ് നൈജീരിയയെന്ന വസ്തുതയെ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കുകയാണ് പുതിയ റിപ്പോര്‍ട്ട്.

നൈജീരിയായിലെ 59 രൂപതകളിൽ കുറഞ്ഞത് 41 എണ്ണത്തിലും വൈദികരെ തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 4 വൈദികര്‍ ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്. ഡിസംബർ 25ന്, നൈജീരിയൻ സർക്കാരിന്റെ പിന്തുണയോടെ അമേരിക്കന്‍ സൈന്യം രാജ്യത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ISIS) താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരിന്നു. നിരപരാധികളായ ക്രിസ്ത്യാനികളെ ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »