News - 2026

നൈജീരിയയില്‍ ആരാധനയ്ക്കിടെ 14 ക്രൈസ്തവ വിശ്വാസികളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 17-12-2025 - Wednesday

അബൂജ: നൈജീരിയയിലെ കോഗി സംസ്ഥാനത്ത് ആരാധനയ്ക്കിടെ 14 ക്രൈസ്തവ വിശ്വാസികളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഇവാഞ്ചലിക്കൽ വിന്നിംഗ് ഓൾ ചർച്ച് (ECWA) സമൂഹത്തിലെ അംഗങ്ങളായ വിശ്വാസികളെയാണ് ആരാധനയ്ക്കിടെ അതിക്രമിച്ച് എത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് ക്രൈസ്തവ നേതൃത്വം വെളിപ്പെടുത്തി. മതപരമായ സഹിഷ്ണുതയ്ക്കും സമാധാനപരമായ സഹവർത്തിത്വത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങൾക്കിടയിലാണ് ആക്രമണം. ഗ്രാമീണ കാർഷിക ജില്ലയായ ആആസ്-കിരിയിലെ ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓളിലേക്ക് അക്രമികൾ ഇരച്ചുകയറുകയായിരിന്നുവെന്നും തുടര്‍ന്നാണ് വെടിയുതിർത്തതെന്നും നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണം നടന്നതോടെ സമാധാനപരമായി ജീവിച്ചിരുന്ന കർഷക സമൂഹം വലിയ ആശങ്കയിലാണ്ടിരിക്കുകയാണ്. തോക്കുധാരികൾ വിശ്വാസികളെ എങ്ങോട്ടാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലായെന്ന് പ്രദേശവാസികള്‍ നൈജീരിയയിലെ ഡെയ്‌ലി ട്രസ്റ്റ് മാധ്യമത്തോട് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്തെ ഒരു ആരാധനാലയത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. അടുത്തിടെ, എജിബ പട്ടണത്തിലെ ഒരു പള്ളിയിൽ തോക്കുധാരികൾ ആക്രമണം നടത്തി ഒരു വചനപ്രഘോഷകനെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി വിശ്വാസികളെയും തട്ടിക്കൊണ്ടുപോയിരിന്നു. ഇവരെ മോചിപ്പിക്കാൻ സുരക്ഷാ ഏജൻസികൾ പരമാവധി ശ്രമിച്ചിട്ടും അവർ ഇപ്പോഴും തടവില്‍ തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ മൂലം പൊറുതി മുട്ടിയ രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ബൊക്കോ ഹറാം ഇസ്ളാമിക തീവ്രവാദികള്‍ 2009 മുതൽ രാജ്യത്ത് സജീവമാണ്. അതിനാല്‍ തന്നെയും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതില്‍ ഏറെയും ക്രൈസ്തവരാണ്. നൈജീരിയ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ, എല്ലാ സഹായങ്ങളും അമേരിക്ക ഉടനടി നിർത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »