News - 2026
ക്രൈസ്തവര്‍ക്ക് ഭീഷണിയായ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനുള്ള യുഎസ് ശ്രമത്തെ സ്വാഗതം ചെയ്ത് നൈജീരിയന്‍ സഭ
പ്രവാചകശബ്ദം 30-12-2025 - Tuesday
അബൂജ: രാജ്യത്ത് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഘടകങ്ങൾക്കെതിരെ യുഎസ് നടത്തിയ സൈനിക നടപടികളെ സ്വാഗതം ചെയ്ത് നൈജീരിയയിലെ കത്തോലിക്ക സഭാനേതൃത്വം. ഒരു ദശാബ്ദത്തിലേറെയായി പശ്ചിമാഫ്രിക്കയെ ബാധിച്ചിരിക്കുന്ന ഭീകരത, കലാപം, കൊള്ള എന്നിവയെ അഭിസംബോധന ചെയ്യുന്നതാണ് യുഎസ് - നൈജീരിയ സംയുക്ത നടപടിയെന്ന് സഭാനേതാക്കള്‍ വിശേഷിപ്പിച്ചു. നൈജീരിയയിലെ ഒയോ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ഇമ്മാനുവൽ അഡെറ്റോയിസ് ബഡെജോയും അബൂജ കത്തോലിക്കാ അതിരൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പാട്രിക് അലുമുകുവും പുതിയ നടപടികളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
ധ്രുവീകരണമുള്ള രാഷ്ട്രീയ അന്തരീക്ഷത്തിൽ ഈ നടപടി നിർണായകമാണെന്നു ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ കീഴിലുള്ള സ്ഥാപനമായ പാൻ ആഫ്രിക്കൻ എപ്പിസ്കോപ്പൽ കമ്മിറ്റി ഫോർ സോഷ്യൽ കമ്മ്യൂണിക്കേഷൻസിന്റെ (CEPACS) മുൻ പ്രസിഡന്റായ ബിഷപ്പ് ബഡെജോ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി നൈജീരിയയിൽ ക്രിസ്തീയ വിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ ജിഹാദികൾ നടത്തുന്ന ശ്രമം വിലപോകില്ലായെന്ന സൂചനയാണ് സംയുക്ത തിരിച്ചടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അബൂജ അതിരൂപത കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പാട്രിക് പറഞ്ഞു.
ഐസിസ് തീവ്രവാദികൾ ആസ്ഥാന കേന്ദ്രമാക്കിയിട്ടുള്ള സോകോട്ടോ സംസ്ഥാനത്തെ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഓപ്പറേഷനിലാണ് യുഎസ് സൈന്യം നൈജീരിയൻ സർക്കാരുമായി ഏകോപിപ്പിച്ചു കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ആക്രമണം നടത്തിയത്. തീവ്രവാദികൾ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ, അവർക്ക് നരകം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതാണ് സംഭവിച്ചതെന്നും ഡിസംബർ 25നു അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















