News
ആക്രമണങ്ങൾക്കിടയിലും പ്രാർത്ഥനയോടെയും പ്രത്യാശയോടെയും ക്രിസ്തുമസിന് തയാറെടുക്കുന്നതായി ഗാസ വികാരി
പ്രവാചകശബ്ദം 17-12-2025 - Wednesday
ജെറുസലേം/ ഗാസ: വിശുദ്ധ നാട്ടിലെ ആക്രമണങ്ങൾക്കിടയിലും പ്രാർത്ഥനയോടെയും പ്രത്യാശയോടെയും ക്രിസ്തുമസിന് തയാറെടുക്കുന്നതായി ഗാസ കത്തോലിക്ക ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി. ക്രിസ്തുമസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് വീഡിയോ സാക്ഷ്യം ഹോളി ഫാമിലി ഇടവക വികാരി ഫാ. റൊമാനെല്ലി ഏഷ്യാ ന്യൂസുമായി പങ്കിട്ടിരിക്കുന്നത്. വെടിനിർത്തലിനുശേഷം ജീവിതം അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നും പക്ഷേ യുദ്ധം തുടരുകയാണെന്നും വലിയ വിഷാദത്തിന്റെ അന്തരീക്ഷത്തിൽ മാനുഷിക അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ഫാ. ഗബ്രിയേൽ റൊമാനെല്ലി വെളിപ്പെടുത്തി.
നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥ സമാധാനം നൽകുന്ന ഒരേയൊരു കാര്യം ആത്മീയ ജീവിതമാണ്. ക്രിസ്തുമസ് കാലം ഏറ്റവും മികച്ച രീതിയിൽ ആഘോഷിക്കാനും ജീവിക്കാനും ഞങ്ങൾ ശ്രമിക്കുകയാണ്. ഞങ്ങള്‍ക്കുള്ള ശക്തി ദൈവത്തിൽ നിന്നും, പ്രാർത്ഥനയിൽ നിന്നും, വിശ്വാസത്തിൽ നിന്നും, പ്രത്യാശയിൽ നിന്നുമാണ് വരുന്നത്, ദാനധർമ്മത്തിന്റെ ഫലങ്ങൾ ആസ്വദിക്കാനും എല്ലാവരുമായും പങ്കിടാനും ഞങ്ങൾ ശ്രമിക്കുന്നു. കാൽവരി എപ്പോഴും പ്രത്യാശയെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു.
ഗാസയിലെ സ്ഥിതി ലോകം മറക്കുന്നതായി തോന്നാറുണ്ട്. പലസ്തീനിൽ നിന്നും ഇസ്രായേലിൽ നിന്നും - സമാധാനം ആഗ്രഹിക്കുന്ന, പ്രവർത്തിക്കുന്ന വ്യത്യസ്ത മതങ്ങളിൽപ്പെട്ട നിരവധി ആളുകളുണ്ട്. എന്നാൽ മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കൂടുതൽ സഹായം ആവശ്യമാണ്. എന്റെ ഹൃദയത്തിൽ ഞാൻ എങ്ങനെ സമാധാനം നിലനിർത്തുന്നു എന്ന് എന്നോട് ചോദിക്കുന്നവരോട്, ദൈവവുമായുള്ള എന്റെ ബന്ധത്തിൽ നിന്നാണെന്ന് പറയാറുണ്ട്. നിശബ്ദതയോടും ധ്യാനത്തോടും കൂടി ഞാൻ മറുപടി നൽകുന്നു.
യുദ്ധത്തിന്റെ ബഹളത്തിനിടയിലും നിശബ്ദതയിലും ധ്യാനത്തിലും ഒരു മണിക്കൂര്‍ ചെലവിടുവാന്‍ ശ്രമിക്കുന്നു. മറ്റ് പ്രാർത്ഥനകൾ, ആരാധനാക്രമ പ്രാർത്ഥനകൾ ഇങ്ങനെ പോകുന്നു. ക്രിസ്തുമസ് ഏറ്റവും മികച്ച രീതിയിൽ ആഘോഷിക്കാനും അതില്‍ ആനന്ദം കണ്ടെത്തി ജീവിക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ഫാ. ഗബ്രിയേൽ പറഞ്ഞു. വിവിധ മതവിശ്വാസികളായ എഴുനൂറോളം ആളുകള്‍ക്ക് അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി യുദ്ധമുഖത്ത് സാന്ത്വനം പകര്‍ന്നുകൊണ്ടിരിക്കുന്ന ഗാസയിലെ ഏക കത്തോലിക്ക ഇടവകയാണ് ഹോളി ഫാമിലി ദേവാലയം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















