News - 2026

ഗാസയിലെ കുട്ടികൾക്ക് മരുന്ന് ലഭ്യമാക്കി പാപ്പയുടെ സ്നേഹ വാത്സല്യം

പ്രവാചകശബ്ദം 15-10-2025 - Wednesday

ജെറുസലേം: യുദ്ധത്തിന്റെ ഞെരുക്കങ്ങളില്‍ നിന്നു കരകയറുന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് മരുന്നുകള്‍ എത്തിച്ച് പാപ്പയുടെ സ്നേഹ വാത്സല്യം. ജെറുസലേമിലേ ലത്തീന്‍ പാത്രിയാർക്കേറ്റിൻറെ സഹായത്തോടെ പാപ്പയുടെ ഉപവി പ്രവർത്തന കാര്യാലയമായ “എലെമൊസിനെറീയ അപ്പസ്തോലിക്ക” ('Elemosineria Apostolica') വഴിയാണ് ലെയോ പതിനാലാമൻ പാപ്പ ഈ മരുന്നുകൾ എത്തിച്ചത്.

ഗാസയിൽ രണ്ടുവർഷത്തെ സംഘർഷത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായിട്ടാണ് പാപ്പയുടെ കാരുണ്യത്തിൻറെ പ്രതീകാത്മക അടയാളമായി 5000 ഡോസ് മരുന്നുകൾ എത്തിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ജെ‌റുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെ സഹായത്തോടെ ഈ മരുന്നുകൾ ആവശ്യക്കാരായ കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്തുവെന്ന് പാപ്പയുടെ ഉപവിപ്രവർത്തന കാര്യാലയത്തിൻറെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്ക്കി വെളിപ്പെടുത്തി.

സുവിശേഷ പ്രഘോഷണം വിശ്വാസയോഗ്യമാകണമെങ്കിൽ അത് സാമീപ്യത്തിൻറെയും സ്വീകരണത്തിൻറെയും പ്രവർത്തികളായി പരിണമിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പാ, ഞാൻ നിന്നെ സ്നേഹിച്ചു എന്നർത്ഥം വരുന്ന “ദിലേക്സി തേ” എന്ന തൻറെ അപ്പസ്തോലിക പ്രബോധനത്തിൽ ഉദ്ബോധിപ്പിച്ചിട്ടുള്ളത് കർദ്ദിനാൾ ക്രജേവ്സ്ക്കി അനുസ്മരിച്ചു. യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന യുക്രൈനും പാപ്പായുടെ മാനവികസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇറച്ചി, പാസ്ത, പാചക എണ്ണ, തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ശുചീകരണ പദാർത്ഥങ്ങളുമാണ് എത്തിച്ചിരിക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »