News - 2026
"സ്വവർഗ ബന്ധങ്ങള്‍" അംഗീകരിക്കാൻ സമ്മര്‍ദ്ധം നല്‍കുന്ന വിധിയ്‌ക്കെതിരെ യൂറോപ്യൻ മെത്രാന്‍ സമിതി
പ്രവാചകശബ്ദം 11-12-2025 - Thursday
വത്തിക്കാന്‍ സിറ്റി: എല്ലാ അംഗരാജ്യങ്ങളും മറ്റൊരു രാജ്യത്ത് നിയമപരമായി നടത്തുന്ന "സ്വവർഗ വിവാഹങ്ങൾ" അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന യൂറോപ്യൻ യൂണിയന്‍ കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയന്റെ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷൻ (COMECE). വിധി ഒരു രാജ്യത്തിന്റെ സ്വന്തം നിയമവ്യവസ്ഥയ്ക്ക് കീഴിൽ സാധുതയുള്ളതല്ലെങ്കിൽപ്പോലും സ്വവര്‍ഗ്ഗ ബന്ധങ്ങളുടെ അംഗീകാരം നിർബന്ധമായതിനാൽ, ഈ വിധി ഓരോ രാജ്യത്തിന്റെയും നിയമപരമായ പരമാധികാരത്തെ സ്വാധീനിച്ചേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റ് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ ഡിസംബർ 9ന് പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
2018-ൽ ജർമ്മനിയിൽ വിവാഹിതരായെന്ന് അവകാശപ്പെടുന്ന സ്വവർഗാനുരാഗികളായവരെ കേന്ദ്രീകരിച്ചാണ് വിധി. പോളണ്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, അധികാരികൾ അവരുടെ ബന്ധം സിവിൽ രജിസ്റ്ററില്‍ രേഖപ്പെടുത്താൻ വിസമ്മതിച്ചതാണ് കേസായി കോടതിയ്ക്കു മുന്നിലെത്തിയത്. ഇത് യൂറോപ്യന്‍ യൂണിയന്റെ നിയമത്തിന് വിരുദ്ധമാണെന്ന് യൂറോപ്യൻ കോടതി പ്രഖ്യാപിക്കുകയായിരിന്നു. ഈ നിലപാടിനെതിരെയാണ് യൂറോപ്യന്‍ മെത്രാന്‍ സമിതി രംഗത്തു വന്നിരിക്കുന്നത്. "ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലാണ്" വിവാഹത്തില്‍ നടക്കുന്നതെന്ന് ബിഷപ്പ് മരിയാനോ വ്യക്തമാക്കി.
Must Read: സ്വവര്‍ഗ്ഗബന്ധത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
യൂറോപ്യന്‍ യൂണിയന്‍ കോടതി വിധി ഓരോ രാജ്യത്തിന്റെയും അവകാശങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും "നിയമപരമായ അനിശ്ചിതത്വം" വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവിൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പകുതിയോളം രാജ്യങ്ങളും സ്വവർഗ ബന്ധങ്ങള്‍ക്ക് നിയമസാധുത നല്‍കിയിട്ടില്ല. പോളണ്ട്, ബൾഗേറിയ, സൈപ്രസ്, സ്ലൊവാക്യ, ഹംഗറി, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ചെക്ക് റിപ്പബ്ലിക്, റൊമാനിയ തുടങ്ങീയ നിരവധി യൂറോപ്യന്‍ രാജ്യങ്ങളാണ് ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെ പിടിച്ച് സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കു തടയിട്ടിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















