News - 2026
ഭീതിയൊഴിയാതെ നൈജീരിയ; വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 05-12-2025 - Friday
അബൂജ: ക്രൈസ്തവ കൂട്ടക്കൊലകളിലൂടെയും വൈദികരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിലൂടെയും കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയായില്‍ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഡിസംബർ 2ന് രാവിലെ പതിനൊന്നാരയോടെ റൂമിയിലെ സെന്റ് പീറ്റേഴ്‌സ് ഇടവക റെക്ടറിയിൽ നിന്നാണ് ഫാ. ഇമ്മാനുവൽ എസേമ എന്ന വൈദികനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. ചാൻസലർ ഫാ. ഇസെക് അഗസ്റ്റിനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വൈദികന്റെ മോചനത്തിനായി വിശ്വാസികളോട് പ്രാർത്ഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുണ സംസ്ഥാനത്താണ് സാരിയ സ്ഥിതി ചെയ്യുന്നത്. നൈജീരിയയിൽ മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. നൈജീരിയായുടെ വിവിധ സംസ്ഥാനങ്ങളിൽ തട്ടിക്കൊണ്ടുപോകലുകളും ആക്രമണങ്ങളും വ്യാപിച്ചുകൊണ്ടിരിക്കുന്നതില്‍ ജനം വലിയ ഭീതിയിലാണ് കഴിയുന്നത്.
76 ദിവസത്തിനിടെ നൈജീരിയയിൽ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 120 പേരെ ഇസ്ളാമിക ഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. നൈജീരിയയിലെ തെക്കൻ കടൂണ സംസ്ഥാനത്തെ ഇസ്ലാമിക ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ കുപ്രസിദ്ധമായ റിജാന വനത്തിൽ നൂറുകണക്കിന് ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















