News
തുര്‍ക്കിയില്‍ മോസ്ക്ക് സന്ദര്‍ശനത്തിനിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം നിരസിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 29-11-2025 - Saturday
ഇസ്താംബൂൾ: തുര്‍ക്കിയിലെ പ്രസിദ്ധമായ ബ്ലൂ മോസ്ക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം നിരസിച്ച് ലെയോ പാപ്പ. മതമൈത്രിയുടെ ഭാഗമായി പതിനേഴാം നൂറ്റാണ്ടിലെ മോസ്ക്ക്, പാപ്പ ചുറ്റി സന്ദര്‍ശിച്ചെങ്കിലും ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതു ഒഴിവാക്കുകയായിരിന്നു. 'അസോസിയേറ്റഡ് പ്രസ്' ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഏകരക്ഷകനായ യേശു ക്രിസ്തുവിലുള്ള വിശ്വാസവും മതമൈത്രിയും ഒരുപോലെ മുറുകെ പിടിച്ച ലെയോ പാപ്പയ്ക്കു നവമാധ്യമങ്ങളിലൂടെ ക്രൈസ്തവരുടെ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.
ഇസ്താംബൂളിലെ പ്രശസ്തമായ ബ്ലൂ മോസ്ക്കില്‍ രാവിലെ എത്തിയ പാപ്പ, ഷൂസ് ഊരിമാറ്റി, മോസ്ക്കിലെ ടൈൽ പതിപ്പിച്ച താഴികക്കുടങ്ങളും അറബി ലിഖിതങ്ങളും നോക്കികണ്ടു. നിരവധി ഇമാമുമാരും സംഘത്തിലുണ്ടായിരിന്നു. "അല്ലാഹുവിന്റെ ഭവനം" ആയതിനാൽ ലെയോ പാപ്പയെ പ്രാർത്ഥിക്കാൻ ക്ഷണിച്ചിരിന്നുവെന്നും എന്നാല്‍ പാപ്പ നിരസിക്കുകയായിരിന്നുവെന്നും പള്ളിയിലെ ഇമാമായ അസ്ജിൻ തുങ്ക വെളിപ്പെടുത്തി. സന്ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇമാം തുങ്ക ത്തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മോസ്ക്ക് സന്ദര്‍ശനത്തിനിടെ “ഇത് എന്റെ ഭവനമല്ല, നിങ്ങളുടെ ഭവനമല്ല, ഇത് അല്ലാഹുവിന്റെ ഭവനമാണ്, നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ ആരാധന നടത്താം” എന്നാണ് ഇമാം പാപ്പയോട് പറഞ്ഞത്. എന്നാല്‍ ‘That’s OK’ എന്ന ഒറ്റവാചകത്തില്‍ ലെയോ പാപ്പ നിരസിക്കുകയായിരിന്നു. ധ്യാനത്തിന്റെയും ശ്രവണത്തിന്റെയും മനോഭാവത്തിലും, പ്രാർത്ഥനയിൽ ഒത്തുകൂടുന്നവരുടെ സ്ഥലത്തോടും വിശ്വാസത്തോടുമുള്ള ആഴമായ ബഹുമാനത്തോടെയാണ് ലെയോ പാപ്പ മോസ്ക്ക് സന്ദര്‍ശിച്ചതെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലേ ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച ലെയോ പാപ്പയ്ക്കു നിറഞ്ഞ കൈയടിയാണ് നവമാധ്യമങ്ങളില്‍ നിന്നു ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















