India - 2026

ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാന്‍ ആഹ്വാനവുമായി സിബിസിഐ

പ്രവാചകശബ്ദം 27-11-2025 - Thursday

ന്യൂഡൽഹി: രാജ്യം ഭരണഘടനാദിനം ആഘോഷിക്കുന്ന വേളയിൽ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജനാധിപത്യ സ്ഥാപനങ്ങൾ സംരക്ഷിക്കാനും ആഹ്വാനം ചെയ്‌തു ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ഭരണഘടന നീതിയുടെയും സമത്വത്തിൻ്റെയും സാഹോദര്യത്തിന്റെയും ദീപസ്‌തംഭമായി നിലകൊള്ളുകയാണെന്നും വൈവിധ്യമുള്ളതും ബഹുസ്വരവുമായ ഒരു സമൂഹത്തിൻ്റെ പൊതുവായ അഭിലാഷങ്ങളെ ഇതു പ്രതിഫലിപ്പിക്കുന്നുണ്ടെന്നും സിബിസിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

മതന്യൂനപക്ഷങ്ങളെയും മറ്റു സാമൂഹിക ദുർബലവിഭാഗങ്ങളെയും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഭരണഘട ന നൽകുന്ന ഉറപ്പുകൾ അതിൻ്റെ ശരിയായ അർഥത്തിൽ നടപ്പിലാക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. ജനാധിപത്യ ഏകീകരണത്തിനായി സ്ഥാപിക്കപ്പെട്ട ജനാധിപത്യസ്ഥാപനങ്ങളുടെ നിഷ്‌പക്ഷതയും പ്രവർത്തനപരമായ ഫലപ്രാപ്തിയും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം സിബിസിഐ ചൂണ്ടിക്കാട്ടി.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ നമ്മുടെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് വിവിധ ജനവിഭാഗങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടത് പ്രധാനമാണ്. ജനാധിപത്യസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, പ്രവർത്തനപരമായ നിഷ്പക്ഷത, ഫലപ്രാപ്‌തി എന്നിവ ഉറപ്പാക്കാൻ ആവശ്യമായ ന ടപടികൾ സ്വീകരിക്കണമെന്നും സിബിസിഐ സർക്കാരിനോട് ആവശ്യപ്പെട്ടു.


Related Articles »