News

ഇസ്ലാമിക് സ്റ്റേറ്റ്സ് തകര്‍ത്ത പുരാതന ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ക്ക് സമീപം വിശുദ്ധ കുര്‍ബാന അര്‍പ്പണം

പ്രവാചകശബ്ദം 10-11-2025 - Monday

ഡമാസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ ആലപ്പോയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നാശം വിതച്ച ബ്രാഡ് ഗ്രാമത്തിൽ ഐഎസ് ആക്രമണത്തിൽ തകർക്കപ്പെട്ട പുരാതന ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ക്ക് സമീപം വിശുദ്ധ കുര്‍ബാന അര്‍പ്പണം. ഒന്നര പതിറ്റാണ്ടിന് ശേഷം മാരോണൈറ്റ് തീർഥാടനകേന്ദ്രമായ സെന്റ് മാറോൻ പള്ളിയുടെ ശേഷിപ്പുകൾക്കു സമീപം വിശുദ്ധ കുർബാന നടന്നത്. മാരോണൈറ്റ് സ്കൗട്‌സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീർഥയാത്രയുടെ ഭാഗമായിട്ടായിരിന്നു ബലിയര്‍പ്പണം. ചരിത്രമുറങ്ങുന്ന ദേവാലയത്തില്‍ 15 വർഷത്തിനുശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ഘാൻഡി മഹാന്ന കാർമികത്വം വഹിച്ചു.

പുരാതന ക്രൈസ്‌തവ കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരോണൈറ്റ് സ്കൗട്‌സിൻ്റെ നേതൃത്വത്തിൽ തീർഥയാത്ര സംഘടിപ്പിച്ചത്. നിരവധി വിശ്വാസികൾ പങ്കെടുത്തു. ഐഎസ് ഭീകരരുടെ അധിനിവേശത്തിലും തുടർന്നുണ്ടായ യുദ്ധത്തിലും ഭാഗികമായി കേടുപാടുകൾ സംഭവിച്ച സന്യാസി തൗഫിക് അജിബിൻ്റെ വസതിയായിരുന്ന ഗുഹ ചാപ്പലും സമീപത്തുള്ള സെന്‍റ് സിമിയോൺ ദ സ്റ്റൈലൈറ്റ് പള്ളിയുടെ അവശിഷ്‌ടങ്ങളും സംഘം സന്ദർശിച്ചു.

ചെറുപ്പക്കാരും പ്രായമായവരുമായ എണ്‍പതിലധികം പേർ പങ്കെടുത്തു. സിറിയയിൽ ഐഎസ് ഭീകരരുടെ ആക്രമണത്തിലും തുടർന്ന് ഇവർക്കെതിരായ യുദ്ധത്തിലുമായി സെന്റ് മാറോൻ തീർത്ഥാടന കേന്ദ്രമുൾപ്പെടെ നിരവധി പള്ളികളാണ് തകർക്കപ്പെട്ടത്. നൂറുകണക്കിന് ക്രൈസ്‌തവർ കൊല്ലപ്പെടുകയും നിരവധി പേർ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു. ഇസ്ലാമിക് തീവ്രവാദികള്‍ വന്‍ നാശം വിതച്ച മേഖലയാണ് ആലപ്പോ. സിറിയയില്‍ ക്രൈസ്തവ നരഹത്യയ്ക്കു ചുക്കാന്‍ പിടിച്ച തീവ്രവാദി സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ്സ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »