News
ഇസ്ലാമിക തീവ്രവാദ സംഘടന ഉയര്‍ത്തുന്ന വെല്ലുവിളി; മാലിയില്‍ ദേശീയ മരിയൻ തീർത്ഥാടനം റദ്ദാക്കി
പ്രവാചകശബ്ദം 13-11-2025 - Thursday
ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക തീവ്രവാദി സംഘടന ബമാകോ മേഖലയില്‍ ഉയര്‍ത്തിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ 54-ാമത് ദേശീയ മരിയൻ തീർത്ഥാടനം റദ്ദാക്കി. അല്‍ക്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത് നുസ്രത്തുൽ ഇസ്ലാം വ അൽ മുസ്ലിമിൻ എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് ഉപരോധത്തിന്റെയും ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് കിറ്റയിലെ മരിയൻ ദേവാലയത്തിലേക്കു എല്ലാ വര്‍ഷവും നടത്താറുള്ള തീര്‍ത്ഥാടനം റദ്ദാക്കാന്‍ മാലി ബിഷപ്പ്സ് കോൺഫറൻസ് തീരുമാനിച്ചത്.
എല്ലാ വർഷത്തെയും പോലെ, നമ്മുടെ സഭ കിറ്റയിലെ മരിയൻ ദേവാലയത്തിലേക്കുള്ള ദേശീയ തീർത്ഥാടനത്തിനായി തയ്യാറെടുക്കുകയായിരിന്നുവെന്നും സുരക്ഷ പ്രശ്നവും ഇന്ധന ലഭ്യത കുറവും മൂലം തീർത്ഥാടകരെ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ദേശീയ തീർത്ഥാടനം റദ്ദാക്കാൻ തീരുമാനിയ്ക്കുകയായിരിന്നുവെന്ന് മാലി ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് കെയ്‌സിലെ ബിഷപ്പ് ജോനാസ് ഡെംബെലെ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.
പ്രാർത്ഥനയുടെയും ഉത്തരവാദിത്തബോധത്തിന്റെയും ഫലമാണ് ഈ തീരുമാനമെന്നും എല്ലാ ദൈവജനത്തിന്റെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുവാനാണ് തീരുമാനമെടുത്തതെന്നും മെത്രാന്‍ സമിതി വ്യക്തമാക്കി. എന്നിരുന്നാലും ഓരോ വ്യക്തിയുടെയും പ്രാർത്ഥന നമ്മുടെ രാജ്യത്ത് സമാധാനത്തിനും ഐക്യത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഒരു മധ്യസ്ഥ പ്രാര്‍ത്ഥനയായിരിക്കണമെന്നും പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പുമാരുടെ സമ്മേളനം ആഹ്വാനം ചെയ്തു.
ജമാഅ നുസ്രത്ത് ഉൽ-ഇസ്ലാം വാ അൽ-മുസ്ലിമിൻ എന്ന ഇസ്ലാമിക് സംഘടന തലസ്ഥാനമായ ബമാകോയിലേക്കും മാലിയിലെ മറ്റ് നഗരങ്ങളിലേക്കുമുള്ള ഇന്ധന വിതരണത്തെ വളരെക്കാലമായി തടസ്സപ്പെടുത്തുന്നുണ്ട്. കാറ്റി, കിറ്റ തുടങ്ങിയ മേഖലകളിലും ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകള്‍ ആക്രമണം നടത്തുകയും വിദേശികളെ തട്ടിക്കൊണ്ടുപോകുന്നതും പതിവായിരിക്കുകയാണ്. ആഫ്രിക്കന്‍ മേഖലയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകള്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















